Alappuzha local

തെരുവു നായ്ക്കളുടെ ആക്രമണ ഭീതിയില്‍ വീയപുരം

ഹരിപ്പാട്: തെരുവ്‌നായ്ക്കളുടെ അക്രമണങ്ങള്‍ നേരിടാനും പരിരക്ഷ നടപ്പാക്കാനുംവേണ്ടി രൂപീകരിച്ച  മോണിറ്ററിങ്കമ്മിറ്റികള്‍ നോക്കു കുത്തിയായി മാറുന്നു. നായ്ക്കളുടെ അക്രമണത്തില്‍ ആളുകള്‍ മരണപ്പെട്ടിട്ടുപോലും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണത്തിനുള്ള പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ 72 പഞ്ചായത്തുകളും രണ്ടുലക്ഷം രൂപ വീതം ജില്ലാ പഞ്ചായത്തില്‍ അടച്ചിട്ടുണ്ട്.
തെരുവു നായ്ക്കളെ വന്ധീകരിക്കുന്നതിനുള്ള കേന്ദ്രവും ആലപ്പുഴയില്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. മെയിന്‍ റോഡുകളെക്കാള്‍ ഇടറോഡുകളിലാണ് തെരുവുനായ്ക്കളുടെ ഉപദ്രവം കൂടുതലായുള്ളത്. റോഡുകളിലും വെള്ളകെട്ടുകളിലും നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതിനുവേണ്ടിയാണ് നായ്ക്കള്‍ തമ്മില്‍ കടിപിടി കൂടുന്നത്.ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത്  അതുവഴി നടന്നുവരുന്നവര്‍ക്കും.
നായ്ക്കള്‍ വാഹനാപകടത്തില്‍പ്പെട്ട് ചാകുമ്പോള്‍ മറവുചെയ്യേണ്ട ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തുകള്‍ക്കാണ്.എന്നാല്‍ മിക്ക പഞ്ചായത്തുകളും ഈ ഉത്തരവാദിത്വത്തില്‍ നിന്നും പിന്‍മാറുകയാണ്. 2001ല്‍ നിലവില്‍ വന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ പഞ്ചായത്തുകളിലും മോണിറ്ററി കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ഉത്തരവിറക്കിയത്.
തെരുവ് നായ്ക്കളുടെ അക്രമണം വ്യാപകമായതിനെ തുടര്‍ന്ന് ജനന  നിയന്ത്രണത്തിന് സ്വീകരിച്ച നടപടികളെ കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട്  സര്‍ക്കാര്‍ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മിക്ക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നില്ല. ഏഴംഗങ്ങള്‍ അടങ്ങിയതാണ് കമ്മിറ്റി. ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത മൃഗക്ഷേമ സംഘടനകളുടെ രണ്ടു പ്രതിനിധികള്‍ കമ്മറ്റികളില്‍ ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്.
എന്നാല്‍ പലയിടങ്ങളിലും മൃഗസ്‌നേഹികളുടെ പേരെഴുതിയാണ് കമ്മിറ്റികള്‍ രൂപീകരിച്ചതെന്ന് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഗ്രാമപ്പഞ്ചായത്തുകളുടെ പരിധികളില്‍ അലഞ്ഞു നടക്കുന്ന നായ്ക്കളുടെ യഥാര്‍ത്ഥ കണക്കുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇല്ലെന്നുള്ളതാണ് സത്യം. തെരുവു നായ്ക്കളുടെ സംരക്ഷണവും,ജനനനിയന്ത്രണ പദ്ധതിയും നടപ്പാക്കേണ്ട ചുമതല മോണിറ്ററിങ്  കമ്മിറ്റിക്കാണ്. ആലപ്പുഴയില്‍  വന്ധീകരണ കേന്ദ്രം തുടങ്ങിയിട്ടുണ്ടെങ്കിലും ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള തെരുവു നായ്ക്കളെ ഇവിടെ എത്തിച്ച് വന്ധ്യംകരിക്കുന്നതിന് സാധ്യമല്ല. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഈ പദ്ധതി ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
തെരുവ്‌നായ്ക്കളുടെ അക്രമണത്തിന് ഇരയാകുന്നവര്‍ക്ക് പ്രഥമ ചികില്‍സ നല്‍കാന്‍ പോലും പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സംവിധാനങ്ങളില്ല. ജില്ലാ മെഡിക്കല്‍ കോളേജുകളിലേക്കാണ് ഇക്കൂട്ടരെ എത്തിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് മുന്‍കൈയെടുത്ത് തെരുവു നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് പൊതുജനങ്ങളുടെ ഭയമകറ്റാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യം ശക്തമാകുകയാണ്.
Next Story

RELATED STORIES

Share it