തെരുവുനായ ആക്രമണ നഷ്ടപരിഹാരം കേരളത്തിന് സുപ്രിംകോടതിഅന്ത്യശാസനം നല്‍കി

ന്യൂഡല്‍ഹി: തെരുവുനായ ആക്രമണത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച ജസ്റ്റിസ് സിരിജഗന്‍ സമിതിയുടെ റിപോര്‍ട്ട് നടപ്പാക്കാത്ത കേരളത്തിന് സുപ്രിംകോടതിയുടെ അന്ത്യശാസനം. രണ്ടാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രിംകോടതി മുന്നറിയിപ്പു നല്‍കി. തെരുവുനായ ആക്രമണ ഇരകളായി സമിതി കണ്ടെത്തിയ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കണം. റിപോര്‍ട്ട് നടപ്പാക്കിയെന്നു വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം. അല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രിംകോടതി മുന്നറിയിപ്പു നല്‍കി.
കേരളത്തിലെ തെരുവുനായ ആക്രമണം സംബന്ധിച്ച് പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ സമിതി 402 പരാതികള്‍ പരിശോധിക്കുകയും ഇതില്‍ 147 പേര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നു ശുപാര്‍ശ ചെയ്യുകയുമായിരുന്നു.
ഇത് അംഗീകരിച്ച സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം ഇരകള്‍ വസിക്കുന്ന അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, റിപോര്‍ട്ട് അംഗീകരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും തെരുവുനായ്ക്കളുടെ കടിയേറ്റ 129 പേര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് ഹരജിക്കാര്‍ അറിയിച്ചു.
നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ സംസ്ഥാനം ഗുരുതര വീഴ്ചവരുത്തിയെന്ന് കോടതി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it