thrissur local

തൃശൂര്‍ പാലപ്പവും ഗുരുവായൂര്‍ പപ്പടവും: ഭൗമസൂചികാ പദവി നേടാനാവാതെ തനത് ഉല്‍പ്പന്നങ്ങള്‍

തൃശൂര്‍: ഉല്‍പ്പന്നങ്ങള്‍ക്ക് ഭൗമസൂചികാ പദവി നേടാന്‍ മറ്റ് സംസ്ഥാനങ്ങളും അധികൃതരും മത്സരിക്കുമ്പോള്‍ ഇക്കാര്യത്തില്‍ തൃശൂരിന് തണുപ്പന്‍ മട്ടാണ്. കാര്‍ഷിക സര്‍വകലാശാലയും കൃഷി മന്ത്രിയും തൃശൂരിന് സ്വന്തമായിട്ടും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
തൃശൂരിന്റെ പാലപ്പവും ഗുരുവായൂര്‍ പപ്പടവും പദവിക്കായി ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. പദവി ലഭിച്ചാല്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണന സാധ്യത ഏറെയാണെന്ന് മാത്രമല്ല അന്താരാഷ്ട്ര മാര്‍ക്കറ്റിലും വിപണിമൂല്യമുണ്ടാകും. ഓരോ ദേശത്തിനാണ് ഭൗമസൂചികാ പദവി ലഭിക്കുക. ഇത് മൂലം മറ്റിടങ്ങളില്‍ ഈ വസ്തുക്കളുടെ അനധികൃത വില്‍പന തടയാനാകും. തലപ്പിള്ളി താലൂക്കിലെ ചെങ്ങാലിക്കോടന്‍ നേന്ത്രക്കായക്ക് ഭൗമസൂചികാ പദവി ലഭിച്ചിരുന്നു. ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരിക്കായി കാര്‍ഷിക സര്‍വകലാശാല മുന്‍കയ്യെടുത്ത് അപേക്ഷ നല്‍കിയിട്ടുണ്ട്.
അതേസമയം, ജില്ലയില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇനിയും പദവിക്കായി അപേക്ഷിക്കപ്പെട്ടിട്ടില്ല. തൃശൂര്‍ എരിഞ്ഞേരി അങ്ങാടിയിലെ വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന പാലപ്പമെന്ന വെള്ളേപ്പം തൃശൂരിന്റെ തനത് രുചിയാണ്. മണ്ണടുപ്പുകളിലെ ചെറിയ ചട്ടികളില്‍ ചിരട്ടക്കരി കത്തിച്ച് ചുട്ടെടുക്കുന്നതാണ് തൃശൂരിന്റെ പാലപ്പം. പെരുമയുള്ള ഗുരുവായൂര്‍ പപ്പടവും ഇനിയും പദവിക്ക് അപേക്ഷിക്കപ്പെട്ടിട്ടില്ല. ഉഴുന്നുമാവും കറാച്ചിക്കാരവും ഉപ്പും ചേര്‍ത്ത് മായം കലരാതെ പരമ്പരാഗത ശൈലിയില്‍ തയ്യാറാക്കുന്നതാണ് ഗുരുവായൂര്‍ പപ്പടം. ഭൗമ സൂചികാ പദവി ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഒരു പ്രദേശത്തിന്റെ സവിശേഷ അടയാളങ്ങളാണ് ലോകത്തിന് മുന്നിലെത്തിക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളാണെങ്കില്‍ കര്‍ഷകര്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങല്‍ ഉല്‍പാദകര്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ മൂല്യം ലഭിക്കാന്‍ ഭൗമസൂചികാ പദവി ഉപകരിക്കും.
അയല്‍ സംസ്ഥാനങ്ങള്‍ ഭൗമസൂചികാ പദവി ലഭിക്കാന്‍ വരി നില്‍ക്കുമ്പോള്‍ കേരളം ഇക്കാര്യത്തില്‍ പുറകിലാണ്. രസഗുളയുടെ ഭൗമ സൂചികാ പദവിക്കായി രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം നമ്മള്‍ കണ്ടതാണ്. മൈസൂര്‍പാക്കിന്റെ കാര്യത്തിലും പദവിക്കായി സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
Next Story

RELATED STORIES

Share it