thrissur local

തൃശൂര്‍ കോര്‍പറേഷനില്‍ അപ്രഖ്യാപിത നിയമന നിരോധനം; പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍

ഇ പി കാര്‍ത്തികേയന്‍

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ആറ് മാസമായി തുടരുന്ന അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരേ പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍. ഏപ്രില്‍ 2 നു എല്‍ഡിസിയുടെ പുതിയ റാങ്ക് ലിസ്റ്റ് വന്നതിന് ശേഷമുള്ള പത്തോളം ഒഴിവുകളില്‍ നിയമനം നടത്താതെ ഉദ്യോഗസ്ഥര്‍ ഒളിച്ചുകളിക്കുന്നു. 15 ദിവസത്തിനകം പിഎസ്‌സി ക്ക് റിപ്പോര്‍ട്ട് ചെയ്യണം എന്ന വ്യവസ്ഥയുള്ള കഴിഞ്ഞ ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ ജോയിന്‍ ചെയ്യാത്ത നോട്ട് ജോയിന്‍ ഡ്യൂട്ടി ഇനത്തിലുള്ള നാല് ഒഴിവുകള്‍ ഉള്‍പ്പെടെയാണ് പത്തോളം ഒഴിവുകള്‍ തടഞ്ഞു വെച്ചിരിക്കുന്നത്.
നിലവിലെ നടപടിക്രമം അനുസരിച്ച് കോര്‍പ്പറേഷനില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസിന്റെ തിരുവനന്തപുരം ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് തൃശൂര്‍ പിഎസ്‌സിയിലേക്ക് നിയമനത്തിനായി അറിയിക്കും. എന്നാല്‍ എല്ലാ മാസവും മുറപോലെ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിവരം അയക്കുന്നുണ്ടെങ്കിലും ഡയറക്ടറേറ്റില്‍ നിന്ന് ഫയല്‍ അപ്രത്യക്ഷമാവുകയാണ്. ഡയറക്ടറേറ്റില്‍ അന്വേഷിക്കുമ്പോള്‍ തൃശൂര്‍ നിന്ന് രേഖകള്‍ മുഴുവന്‍ അയയ്ക്കാത്തതാണ് കാരണമെന്നാണ് മറുപടി.
എല്ലാ മാസവും തൃശൂര്‍ കോര്‍പ്പറേഷനില്‍ നിന്ന് ഡയറക്ടറേറ്റിലേക്ക് ഫയല്‍ അയക്കുന്നുണ്ട്. എന്നാല്‍ ഇതോടൊപ്പം അയക്കേണ്ട ഒടിവി അയക്കാതെ സാങ്കേതികത്വത്തില്‍ കുരുക്കി നിയമനം വൈകിക്കാനും അത് വഴി വക മാറ്റാനുമാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്.
അവസാനമായി കഴിഞ്ഞ മാസം ഡയറക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് ചെയ്തത് നാല് നോട്ട് ജോയിന്‍ ഡ്യൂട്ടിയും 3 ഫ്രഷ് വേക്കന്‍സിയും ഉള്‍പ്പെടെ 7 ഒഴിവുകള്‍ ആണ്. 3 ഫ്രഷ് വേക്കന്‍സിയില്‍ 2 എണ്ണം സര്‍വീസിലിരിക്കേ ജീവനക്കാര്‍ മരണപ്പെട്ടത് മൂലം ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ തിരുവനന്തപുരം ഡയറക്ടറേറ്റില്‍ നിന്ന് ലഭിക്കുന്ന മറുപടി അനുസരിച്ചു നിലവിലുള്ള ഒഴിവുകള്‍ ആറ് നാട്ട് ജോയിന്‍ ഡ്യൂട്ടിയും 5 പ്രമോഷന്‍ വേക്കന്‍സിയും ആണ്. കോര്‍പ്പറേഷനിലെ 3 ഫ്രഷ് വേക്കന്‍സിയെ കുറിച്ച് പരാമര്‍ശമേ ഇല്ല. ആറ് നാട്ട് ജോയിന്‍ ഡ്യൂട്ടിയില്‍ 4 എണ്ണം കോര്‍പ്പറേഷനും ചാവക്കാട്, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് ഓരോന്നുമാണ്. ഇതില്‍ മുനിസിപ്പാലിറ്റിയിലെ 2 ഒഴിവുകള്‍ മാത്രമാണ് പിഎസ്‌സിയില്‍ എത്തിയത്. കോര്‍പ്പറേഷനില്‍ നിന്ന് അയച്ച മൊത്തം 7 ഒഴിവുകള്‍ ഇതുവരെ പിഎസ്‌സി ക്ക് അയച്ചിട്ടില്ല. റാങ്ക് ലിസ്റ്റ് വന്ന് ആറ് മാസം കഴിഞ്ഞിട്ടും ഈ വകുപ്പില്‍ നിന്ന് ആകെ 2 നോട്ട് ജോയിന്‍ ഡ്യൂട്ടിഒഴിവാണ് പിഎസ്‌സിയില്‍ എത്തിയിരിക്കുന്നത്.
ഗവണ്മെന്റ് മുന്‍പ് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍, നോട്ട് ജോയിന്‍ ഡ്യൂട്ടി ഒഴിവുകള്‍ എന്നിവ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവക്ക് നീക്കി വെക്കാന്‍ പാടില്ല. എന്നാല്‍ ഇതിനു വിപരീതമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടു. വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.



Next Story

RELATED STORIES

Share it