തൃത്താലയില്‍ ഹര്‍ത്താല്‍ പൂര്‍ണം; വി ടി ബല്‍റാമിന്റെ ഓഫിസിലേക്ക് ഇന്നു സിപിഎം മാര്‍ച്ച്

ആനക്കര: എകെജിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വി ടി ബല്‍റാം എംഎല്‍എയെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തൃത്താല മണ്ഡലത്തില്‍ പൂര്‍ണം. യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ പലയിടത്തും മണിക്കൂറുകളോളം തടഞ്ഞിട്ടു. കൂറ്റനാട് വാഹനങ്ങള്‍ തടഞ്ഞിട്ടതിനെ തുടര്‍ന്ന് പോലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നു.
കടകമ്പോളങ്ങള്‍, സര്‍ക്കാ ര്‍ ഓഫിസുകള്‍, ബാങ്കുകള്‍, സ്‌കൂള്‍ അടക്കമുള്ളവയൊന്നും പ്രവര്‍ത്തിച്ചില്ല. കൂറ്റനാട് കെഎസ്ആര്‍ടിസി ബസ്സുകള്‍ രണ്ട് മിനിറ്റ് തടഞ്ഞതിനു ശേഷമാണ് പ്രവര്‍ത്തകര്‍ വിട്ടയച്ചത്. പലയിടത്തും ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മണ്ഡലത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നു.
കഴിഞ്ഞ ദിവസം കപ്പൂര്‍ കാഞ്ഞിരത്താണിയില്‍ വി ടി ബല്‍റാം എംഎല്‍എ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. സിപിഎം പ്രവര്‍ത്തകര്‍ കല്ലേറു നടത്തിയപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകരും തിരിച്ചും കല്ലെറിഞ്ഞിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസിനു ലാത്തി വീശേണ്ടതായി വന്നിരുന്നു.
ഇന്ന് സിപിഎം തൃത്താല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി ടി ബല്‍റാമിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നേരത്തേ ഡിവൈഎഫ്‌ഐ നടത്തിയ എംഎല്‍എ ഓഫിസ് മാര്‍ച്ച് അക്രമാസക്തമായിരുന്നു.
Next Story

RELATED STORIES

Share it