തൂത്തുക്കുടി: തുടരുന്ന പ്രക്ഷോഭം

ബോബി  കുഞ്ഞ്
രണ്ടു കാര്യങ്ങളാണ് തൂത്തുക്കുടി വെടിവയ്പിനുശേഷം ജനങ്ങളില്‍ ഏറ്റവുമധികം സംശയമുണ്ടാക്കിയത്. അതു ചിലപ്പോള്‍ പലര്‍ക്കും സാധാരണമെന്ന് തോന്നാം. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. ആദ്യത്തെ കാര്യം, മെയ് 22ന് തൂത്തുക്കുടിയില്‍ നടന്ന കൂട്ടക്കൊല ഒരിക്കലും അറിയാതെ സംഭവിച്ച അപകടമായിരുന്നില്ല. അത് ഒരു പ്ലാനിന്റെ ഭാഗമായിരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവാം. പക്ഷേ, വെടിവച്ചത് കൊല്ലാന്‍ വേണ്ടി തന്നെയാണ്. സംഭവത്തിനുശേഷം പുറത്തുവന്ന വീഡിയോയില്‍, വാനിന് മുകളില്‍ നില്‍ക്കുന്ന ഷൂട്ടറോട് കൊല്ലാന്‍ വേണ്ടി ആഹ്വാനം ചെയ്യുന്ന ശബ്ദം നാട്ടുകാരെല്ലാം കേട്ടതാണ്. രണ്ടാമത്തെ കാര്യം, വേദാന്തയ്ക്ക് പ്രതികൂലമായ ഒരു സാഹചര്യമുണ്ടാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് യാതൊരു താല്‍പര്യവുമില്ല എന്നതാണ്. അതിനാല്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഉടന്‍ തന്നെ പുനസ്ഥാപിക്കപ്പെടുമെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാംതന്നെ തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്യും. അതുകൊണ്ടുതന്നെ അതിനെതിരേയുള്ള സമരം ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ കൈക്കൊള്ളും; അത് ഭരണകൂട കൊലപാതകങ്ങളാണെങ്കിലും ശരി.
ഇതിന്റെ അനന്തരഫലമെന്നോണം ആദ്യപടിയായി തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ പ്ലാന്റ്അടച്ചുപൂട്ടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും ജനങ്ങള്‍ സംതൃപ്തരായില്ല. അതിനെ തുടര്‍ന്ന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെയ് 28ഓടു കൂടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടി മുദ്രവയ്ക്കാന്‍ ഉത്തരവിട്ടു. അതിനു തൊട്ടുപിന്നാലെയാണ്, അതായത് മെയ് 29ന്, തമിഴ്‌നാട് വ്യവസായ വികസന കോര്‍പറേഷന്‍ തങ്ങള്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വികസനത്തിനായി വിട്ടുകൊടുത്ത സ്ഥലം തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടത്. സ്റ്റെര്‍ലൈറ്റിന് കൊടുത്ത അതേ വിലയ്ക്കുതന്നെയാണ് കോര്‍പറേഷന്‍ ആ സ്ഥലം തിരിച്ചെടുത്തത്. അധികം മുന്നോട്ടുപോകുന്നതിന് മുമ്പായി നമുക്ക് ഈ രണ്ട് ഉത്തരവുകളുടെയും നിയമസാധുത പരിശോധിക്കാം. രണ്ട് ഉത്തരവുകളിലും സ്വാഭാവികമായി കാണപ്പെടേണ്ട നീതിയുടെ നടപടിക്രമങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, ഈ ഉത്തരവുകള്‍ നല്‍കുന്നതിന് മുമ്പേ കമ്പനിക്ക് പറയാനുള്ള ഈ രണ്ട് വകുപ്പുകളും ചോദിച്ചിട്ടില്ല. ഇത് കമ്പനിക്ക് നിയമപരമായി രണ്ട് ഉത്തരവുകളെയും ചോദ്യം ചെയ്യുന്നതിനും തങ്ങള്‍ക്ക് അനുകൂലമായ വിധി നേടിയെടുക്കുന്നതിനും എളുപ്പമാക്കുന്നു. കൂടാതെ കമ്പനിക്കുള്ള വൈദ്യുതി തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് വിച്ഛേദിച്ചത് നിയമാനുസൃതമായ പ്രോട്ടോകോള്‍ ഒന്നുംതന്നെ പാലിക്കാതെയാണ്. ചിലപ്പോള്‍ ഇതൊക്കെ നമ്മുടെ തെറ്റിദ്ധാരണകളാവാം. ഈ നടപടികളെടുക്കരുതെന്നല്ല വാദം. മറിച്ച്, എല്ലാ നടപടികളും അതിന്റെ നിയമാനുസൃത രീതിയിലായിരുന്നു എടുക്കേണ്ടിയിരുന്നതെന്നാണ്. കാരണം  സ്റ്റെര്‍ലൈറ്റ് പോലുള്ള വന്‍ കമ്പനിക്ക് ചട്ടങ്ങള്‍ പാലിക്കാനും നടപടികളെല്ലാം നിയമപരമായി നേരിട്ട് വിജയിക്കാനും കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനും എളുപ്പം സാധിക്കും. ഇത് ചെയ്യാനുള്ള എല്ലാ സ്രോതസ്സുകളും ഉള്ളപ്പോഴും എന്തുകൊണ്ടാണ്  സര്‍ക്കാര്‍ അത്തരത്തിലുള്ള ഒരു നടപടിക്ക് തയ്യാറാവാത്തത് എന്ന ചോദ്യമാണ് ഉയരുന്നത്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യങ്ങളുയര്‍ന്നിട്ടും ഇത്രയധികം പ്രതിഷേധം അരങ്ങേറിയിട്ടും ഇനി തുറക്കാനാവാത്ത വിധത്തില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള നിയമസഭാ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് സാധിക്കാത്തത് തികച്ചും അദ്ഭുതകരമാണ്.
ഇത് കഥയുടെ ഒരു വശം മാത്രമാണ്. എന്നാല്‍, സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരേ സമരം ചെയ്യുന്ന പ്രതിഷേധക്കാരുടെ മാനസികശക്തി തകര്‍ക്കാനായി സര്‍ക്കാര്‍ ചെയ്യുന്നത് എന്തൊക്കെയാണ്? അങ്ങനെ ചെയ്യുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങള്‍ എന്തൊക്കെയാണ്? തൂത്തുക്കുടിയില്‍ ആ കൂട്ടക്കൊല നടന്ന ദിവസങ്ങളിലും അതിനെ തുടര്‍ന്നുള്ള ദിവസങ്ങളിലുമായി മരണത്തിന്റെയും ദുരന്തത്തിന്റെയും സങ്കടങ്ങള്‍ താങ്ങാനാവാതെയിരുന്ന ജനങ്ങള്‍ക്കിടയില്‍ നായാട്ട് നടത്തുകയായിരുന്നു പോലിസ്! ആ ദിവസങ്ങളില്‍ സാധാരണക്കാരും സമരക്കാരുമായുള്ള നൂറോളം ആളുകളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വെടിവച്ചവര്‍ക്ക് നേരെയോ വെടിവയ്ക്കാന്‍ ഉത്തരവിട്ടവര്‍ക്കെതിരായോ യാതൊരു നടപടിയും ഉണ്ടായില്ല. ഭാഗ്യവശാല്‍ സത്യസന്ധനായ ഒരു ജഡ്ജി അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവര്‍ക്കും ഉടന്‍ തന്നെ ജാമ്യം നല്‍കി. എന്നാല്‍ ജൂണ്‍ ആറിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുമ്പാകെ, ഇവരുടെ ജാമ്യം റദ്ദാക്കണമെന്നും ഇവര്‍ ക്രമസമാധാനനിലയ്ക്ക് ഭീഷണിയാണെന്നും വാദിച്ചു നല്‍കിയ ഹരജിയിലൂടെ ഭരണകൂടത്തിന്റെ യഥാര്‍ഥ മുഖം പുറത്തുവരുക തന്നെ ചെയ്തു. സര്‍ക്കാരിന് അവരുടെ ഭാഗം പറയാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്.
ഇതെല്ലാം സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ തൂത്തുക്കുടിയിലെയും അടുത്തുള്ള ജില്ലകളായ കന്യാകുമാരിയിലെയും തിരുനെല്‍വേലിയിലെയും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അതോടൊപ്പം ഒരു ഏകാധിപത്യഭരണം ചെയ്യുന്നപോലെ തന്നെ മാധ്യമങ്ങളോട് 'തൂത്തുക്കുടി കൂട്ടക്കൊല' എന്ന വാക്ക് ഉപയോഗിക്കരുതെന്നും പകരം 'തൂത്തുക്കുടി സംഭവം' എന്ന് ഉപയോഗിക്കണമെന്നുമുള്ള ഒരു അലിഖിത ഉത്തരവും നല്‍കിയിരുന്നു. കൂടാതെ തൂത്തുക്കുടിയില്‍ വരുന്നതും പോകുന്നതുമായ എല്ലാവരും തന്നെ സര്‍ക്കാര്‍ നിരീക്ഷണത്തിലായിരുന്നു.
അതേസമയം, ഈ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ട് എഫ്‌ഐആറുകളും നാം പരിശോധിക്കേണ്ടതുണ്ട്. രണ്ടിലും മെയ് 22ന് നടന്ന അക്രമസംഭവങ്ങള്‍ക്കും അതിനുശേഷം നടന്ന വെടിവയ്പിനും കൂട്ടക്കൊലയ്ക്കും ജനങ്ങളും സമരക്കാരും മാത്രമാണ് ഉത്തരവാദികള്‍ എന്നാണ് ചേര്‍ത്തിരിക്കുന്നത്. പക്ഷേ, അത്തരത്തിലൊരു വെടിവയ്പ് നടക്കാനുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാനോ അവിടെ നടന്ന പ്രോട്ടോകോള്‍ ലംഘനങ്ങളെക്കുറിച്ചോ യാതൊന്നും തന്നെ ആ എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നില്ല. അദ്ഭുതകരമെന്നോണം പോലിസിനെയും അധികാരികളെയും രക്ഷപ്പെടുത്തിക്കൊണ്ട് രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വെടിവയ്പിനുള്ള ഓര്‍ഡര്‍ കൊടുത്തത് തങ്ങളാണെന്ന് ഏറ്റുപറയുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്ക് അതിനുള്ള അധികാരമുണ്ടോ എന്ന ചോദ്യം നില്‍ക്കെ തന്നെ ഇത്തരം സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും സ്ഥലത്തുണ്ടാവേണ്ടിയിരുന്ന ജില്ലാ കലക്ടര്‍ എവിടെപ്പോയി എന്ന ചോദ്യത്തിനും ഉത്തരമില്ല. പിന്നീട് സബ് കലക്ടര്‍ പുറത്തുവിട്ട ഡ്യൂട്ടി ചാര്‍ട്ടില്‍ ഈ രണ്ട് തഹസില്‍ദാര്‍മാര്‍ക്ക് അന്നേദിവസം അവിടെ ഡ്യൂട്ടിയുണ്ടായിരുന്നില്ല. പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ നിയമസഭയില്‍ ഈ ചോദ്യങ്ങളെല്ലാം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ നിരാകരിക്കപ്പെടുകയായിരുന്നു.
തമിഴ്‌നാട് ഡിജിപി ടി കെ രാജേന്ദ്രനാണ് വെടിവയ്പിനുള്ള ഓര്‍ഡര്‍ നല്‍കിയതെന്ന ഊഹാപോഹങ്ങളും വാര്‍ത്താ റിപോര്‍ട്ടുകളും നിലനില്‍ക്കുമ്പോള്‍ തന്നെ ഇതിന് ആക്കംകൂട്ടുന്ന തരത്തിലായിരുന്നു അദ്ദേഹം ഈ കൂട്ടക്കൊലയെ കുറിച്ച് ഹൈക്കോടതിക്ക് നല്‍കിയ റിപോര്‍ട്ട്. അതു തികച്ചും വൈരുധ്യങ്ങളുള്ളതും ഏകപക്ഷീയവുമായ ഒന്നായിരുന്നു. സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അദ്ദേഹം സമരക്കാരുടെ മേലാണ് ചാര്‍ത്തിയിരിക്കുന്നത്.
സമരക്കാരുടെ മേലുള്ള കേസ് നിലനില്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ആവശ്യം വ്യക്തമാക്കുന്നത് സംഭവങ്ങളില്‍ ഭരണകൂടത്തിന് യാതൊരു കുറ്റബോധവുമില്ലെന്ന് തന്നെയാണ്. വെടിവയ്പുമായി ബന്ധപ്പെട്ട കോലാഹലങ്ങളും വിവാദങ്ങളും അടങ്ങുമ്പോള്‍ സമരക്കാരെ പിന്നാലെ പോയി വേട്ടയാടാനുള്ള ഭരണകൂടത്തിന്റെ ഉദ്ദേശ്യം കൂടി ഈ നടപടികള്‍ വ്യക്തമാക്കുന്നുണ്ട്. അതിനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍, പുറത്തുനിന്നുള്ളവരാണ്  പ്രശ്‌നമുണ്ടാക്കിയതെന്ന പ്രസ്താവനയോടെ അവര്‍ ആരംഭിച്ചുകഴിഞ്ഞു. സമരക്കാരെ മാവോവാദികളെന്നു മുദ്രചാര്‍ത്താനുള്ള ശ്രമം ഇപ്പോള്‍ ജനകീയസമരങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ഏറ്റവും നല്ല സൂത്രമാണ്. സമരക്കാരെ തളര്‍ത്തി അവരെ തീവ്രവാദികളാക്കി സര്‍ക്കാര്‍ സ്റ്റെര്‍ലൈറ്റിന് തിരിച്ചുവരാനുള്ള വഴി വെട്ടിക്കൊടുക്കുകയാണ്. പിന്നീടുള്ള പല പോലിസ് നടപടികളും, സര്‍ക്കാര്‍ വേദാന്തയ്ക്കു വേണ്ടിയാണ് ഭരിക്കുന്നതെന്ന് സൂചിപ്പിക്കുന്നു. വേദാന്ത തന്നെ പ്ലാന്റിലെ സള്‍ഫ്യൂരിക് ആസിഡ് ടാങ്കുകള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കപ്പെടുന്നത് എന്തിന്റെ സൂചനയാവും? തൂത്തുക്കുടിയിലെ പീഡിതര്‍ക്കു വേണ്ടി ഹാജരാവുന്ന മധുരയിലെ അഡ്വ. വഞ്ചിനാഥനെ പോലിസ് അറസ്റ്റ് ചെയ്തത് ഈയിടെയാണ്. മനുഷ്യാവകാശ സംഘടനകള്‍ തീവ്ര ഇടതുപക്ഷം കൈയടക്കിയിരിക്കുകയാണെന്ന് ധനമന്ത്രി ജെയ്റ്റ്‌ലി പ്രഖ്യാപിക്കുന്നതും ഈ പശ്ചാത്തലത്തില്‍ വായിക്കാം. മാവോവാദികളും ജിഹാദികളുമാണ് തമിഴ്‌നാട് സര്‍ക്കാരിനും മോദി സര്‍ക്കാരിനും ഭീഷണി ഉയര്‍ത്തുന്നതത്രേ!                      ി
Next Story

RELATED STORIES

Share it