thrissur local

തൂക്കം 117.5 പവന്‍, ചെലവ് രണ്ടേകാല്‍ ലക്ഷം രൂപ: സ്വര്‍ണക്കപ്പ് പിറന്ന കഥ

കെ എം അക്ബര്‍

തൃശൂര്‍: കലോല്‍സവത്തിന്റെ കാലക്കണക്കില്‍ എന്നും തെളിമയോടെ നില്‍ക്കുന്ന ഒന്നുണ്ട്. 1987ല്‍ പണി തീര്‍ത്ത സ്വര്‍ണക്കപ്പ്. 1985 ല്‍ എറണാകുളത്തു നടന്ന രജതജൂബിലി കലോല്‍സവമാണു സ്വര്‍ണക്കപ്പിന്റെ വഴിതുറന്നത്. അന്ന്് ശുഷ്‌ക്കിച്ച കാണികളെ സാക്ഷികളാക്കി ദര്‍ബാര്‍ ഹാളില്‍ പദ്യപാരായണം, അക്ഷരശ്ലോകം മല്‍സരങ്ങള്‍ നടക്കുന്നു. വിധികര്‍ത്താക്കളിലൊരാള്‍ കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ്. തൊട്ടപ്പുറത്തു മഹാരാജാസ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മാമാങ്കം. അവിടെ നെഹ്‌റു സ്വര്‍ണക്കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ആരവങ്ങളാണ്. കാണികള്‍ ഗ്രൗണ്ടിലേക്ക് ഒഴുകുന്നു. അതേ സമയം ഇവിടെ കാഴ്ചക്കാരും പ്രോല്‍സാഹനങ്ങളുമില്ലാതെ കലോല്‍സവവും. ഇതേ സമയം ടി എം ജേക്കബിനോട് വൈലോപ്പിള്ളിയുടെ ഒരു അപ്രതീക്ഷിത ചോദ്യം. ‘പന്തുകളിക്കാര്‍ക്ക് സ്വര്‍ണക്കപ്പ് കൊടുക്കുന്നു, കലോല്‍സവ താരങ്ങള്‍ക്കും അതു വേണ്ടേ’? അവിടെ തുടങ്ങുന്നു സ്വര്‍ണക്കപ്പിന്റെ കഥ. ആ വര്‍ഷത്തെ കലോല്‍സവ സമാപനച്ചടങ്ങില്‍ ജേക്കബ് അതു പ്രഖ്യാപിച്ചു. ‘അടുത്ത വര്‍ഷം മുതല്‍ മേളയിലെ കിരീടം നേടുന്ന ജില്ലയ്ക്കു സ്വര്‍ണക്കപ്പ്. സ്വര്‍ണത്തിന്റെ സ്വന്തം നാടായ തൃശൂരിലായിരുന്നു അടുത്ത മേള. ജ്വല്ലറികളുടെ നാടായ തൃശൂരിലെ ജ്വല്ലറി ഉടമകള്‍ ഒന്നു മനസ്സുവെച്ചാല്‍ സ്വര്‍ണക്കപ്പെന്ന മോഹം പൂവണിയുമെന്ന് ജേക്കബ് കണക്കുകൂട്ടി. കലോല്‍സവത്തിനു മുമ്പേ സ്വര്‍ണക്കച്ചവടക്കാരെ വിളിച്ചുകൂട്ടി കപ്പിനായുള്ള സ്വര്‍ണം ശേഖരിക്കാനായി ജേക്കബിന്റെ അടുത്ത ശ്രമം. അതു പക്ഷേ, ലക്ഷ്യം കണ്ടില്ല. 101 പവന്‍ ലക്ഷ്യമിട്ടപ്പോള്‍ കിട്ടിയതു നാലിലൊന്നു മാത്രം. നിരാശനായ ജേക്കബ് സ്വര്‍ണം പൂശിയ കപ്പ് കൊടുത്തു പാതി ദുഃഖം മാറ്റി. എന്നാല്‍, 87 ലെ കോഴിക്കോട് മേളയോടെ ജേക്കബിന്റെ ദുഃഖം മാറി. കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നുമൊക്കെ പിരിച്ചെടുത്ത പണം കൊണ്ടു യുവജനോല്‍സവത്തിനു സ്വര്‍ണക്കപ്പുണ്ടായി. 300ലധികം കലാകാരന്മാര്‍ കപ്പിനായി മാതൃകകള്‍ സമര്‍പ്പിച്ചു. പുസ്തകവും കൈയും ശംഖുമുള്ള ഒന്നാന്തരം ചിത്രം അംഗീകരിക്കപ്പെട്ടു. അത് വരച്ചത് ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍. അംഗീകരിക്കപ്പെട്ട ചിത്രത്തിന്റെ മാതൃകയില്‍ പൂര്‍ത്തീകരണമെത്തിയപ്പോള്‍ കപ്പിന്റെ ചെപ്പില്‍ പവന്‍ 101 എന്നതു നൂറ്റിപ്പതിനേഴരയിലെത്തി. അന്ന് നൂറ്റിപ്പതിനേഴര പവന്റെ കപ്പ് നിര്‍മ്മിക്കാന്‍ വേണ്ടി വന്നത് രണ്ടേകാല്‍ ലക്ഷം രൂപ! അങ്ങനെ കോഴിക്കോട് നടന്ന 27ാമത് കലോല്‍സവം മുതല്‍ കൗമാര കേരളത്തിന്റെ അവകാശികളേയും കാത്ത് സ്ഥാനം പിടിച്ച സ്വര്‍ണക്കപ്പ് ഇന്നും തിളങ്ങി നില്‍ക്കുന്നു.
Next Story

RELATED STORIES

Share it