ernakulam local

തുറവുംകര തോട് ശുചീകരണം പാതിവഴിയില്‍ ഉപേക്ഷിച്ചു

കാലടി: തുറവുംകര തോട് ശുചീകരണം സിയാല്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. വിമാനത്താവള റണ്‍വേ നിര്‍മാണത്തിനുവേണ്ടി അശാസ്ത്രീയമായി നികത്തിയതുമൂലം ഒഴുക്കു നിലച്ച തോടാണിത്. മനുഷ്യ-മൃഗാദികളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായിത്തീര്‍ന്ന തോട്ടില്‍ നീരൊഴുക്കു പുനസ്ഥാപിക്കണമെന്ന കോഴിക്കോട് എന്‍ഐടിയുടെ പഠനറിപോര്‍ട്ട് ലഭിച്ചിട്ടും അതിന്‍മേല്‍ ഒരു നടപടിയും കൈക്കൊള്ളാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് വിമാനത്താവള അധികൃതര്‍. കാഞ്ഞൂര്‍, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം അന്‍വര്‍സാദത്ത് എംഎല്‍എ സിയാല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പഞ്ചായത്തിലെ മലിനമായ ജലസ്രോതസ്സുകള്‍ ശുചീകരിക്കുവാന്‍ ധാരണയായത്. മറ്റ് പഞ്ചായത്തുകളില്‍ ഈ പ്രവര്‍ത്തികള്‍ ചെയ്തുതീര്‍ത്തുവെങ്കിലും ഇവിടെ കുറച്ചുഭാഗംമാത്രം ചെയ്ത് അവസാനിപ്പിക്കുകയായിരുന്നു. ചെറുതും വലുതുമായ നിരവധി ജലസേചനപദ്ധതികള്‍ ഈ തോടിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പുല്ലും പായലും നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതും പാമ്പുള്‍പ്പെടെ വിഷജീവികളുള്ളതുമായ തോട്ടിലെ ജലം സമീപകിണറുകളില്‍ ഉറവായെത്തുകയും ചെയ്യുന്നു. ഇത് കുടിച്ചാല്‍ രോഗം പിടിപെടുന്ന സാഹചര്യമാണ്. തുറവുംകരയിലെ പ്രധാന ജലസ്രോതസ്സും പ്രകൃതിയുടെ വരദാനവുമാണിത്. ഇതിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണക്കാരായ വിമാനത്താവള അതോറിറ്റിതന്നെ ശുചീകരണം പൂര്‍ത്തിയാക്കി നീരൊഴുക്ക് പുനസ്ഥാപിച്ച് നല്‍കണമെന്നാണ് ജനങ്ങളുടേയും ജനപ്രതിനിധികളുടേയും ആവശ്യം.
Next Story

RELATED STORIES

Share it