ernakulam local

തുരുത്തിന്റെ അക്ഷരഖനിയെ പ്രളയം വിഴുങ്ങി

ആലുവ: തുരുത്തിനെ പ്രളയം വിഴുങ്ങിയപ്പോള്‍ തുരുത്തിന്റെ അക്ഷരഖനിയായ ഗ്രാമദളം ലൈബ്രറിയും നശിച്ചു. ഏഴടിയോളം ഉയരത്തില്‍ വെള്ളം ലൈബ്രറിയ്ക്കകത്ത് കയറി. റഫറന്‍സ് ഗ്രന്ഥങ്ങളുള്‍പ്പടെ ആറായിരത്തോളം പുസ്തകങ്ങള്‍ വെള്ളത്തിനടിയിലായി. ഫയലുകളില്‍ വെള്ളം കയറി. ഇന്‍വര്‍ട്ടര്‍, ബാറ്ററി, അലമാരകള്‍, റാക്കകള്‍, മേശകള്‍, കസേരകള്‍ എന്നിവ വെള്ളത്തില്‍ മുങ്ങി. ചെളി മൂടി. ലൈബ്രറിയിക്കകത്തേയ്ക്ക് വെള്ളം കയറി തുടങ്ങിയപ്പോള്‍ കംപ്യൂട്ടര്‍, മൈക്ക് സെറ്റ് എന്നിവ മുകളിലെ നിലയിലേക്ക് മാറ്റാന്‍ കഴിഞ്ഞതിനാല്‍ അവയ്ക്ക് കേടുപാടു പറ്റാതെ സംരക്ഷിക്കാനായി. റാക്കകളിലെ കുറച്ചു പുസ്തകങ്ങള്‍ മാത്രമേ മുകളിലെ ഹാളിലേയ്ക്ക് കയറ്റാനായുള്ളു. അപ്പോഴേയ്ക്കും വെള്ളം ഗ്രന്ഥശാലയുടെ താഴത്തെനിലയെ പൂര്‍ണ്ണമായും വിഴുങ്ങി കഴിഞ്ഞിരുന്നു. ഗ്രന്ഥശാലയിലും, വായനാ മുറിയിലും അരയടിയോളം ചെളി മൂടിയിരുന്നത് സന്നദ്ധ സംഘടനയുടെ സഹായത്താല്‍ നീക്കം ചെയ്തു. ഗ്രന്ഥശാലയുടെ പുനരുദ്ധാരണത്തിന് ഗ്രന്ഥശാല സംഘത്തിന്റെയും, സന്നദ്ധ സംഘടനകളുടെയും സഹായം കൂടിയേ കഴിയൂ. നശിച്ച പുസ്തകങ്ങള്‍ക്ക് പകരം പുസ്തകങ്ങള്‍ , ഫര്‍ണിച്ചറുകള്‍, കംപ്യൂട്ടര്‍, ഇന്‍വര്‍ട്ടര്‍ , ബാറ്ററി എന്നിവയൊക്കെ സജജമാക്കി ഗ്രന്ഥശാലയെ പഴയ പ്രതാപത്തിലെത്തിക്കാന്‍ സഹായഹസ്തങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് ഗ്രന്ഥശാലാ ഭരണ സമിതിയും, അക്ഷര പ്രേമികളും. കഴിഞ്ഞ 29 വര്‍ഷങ്ങളായി തുരുത്ത് ഗ്രാമത്തിന്റെ സാംസ്‌കാരിക കേന്ദ്രമായും, സാമൂഹ്യകേന്ദ്രമായും പ്രവര്‍ത്തിച്ചു പോരുന്ന ഗ്രന്ഥശാലയുടെ നാശം തുരുത്ത് ഗ്രാമത്തിന് കനത്ത നഷ്ടമാണ്.
Next Story

RELATED STORIES

Share it