തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യസഭ സ്തംഭിച്ചു

ന്യൂഡല്‍ഹി: സംഘപരിവാരം അഴിച്ചുവിട്ട കാസ്ഗഞ്ച് സംഘര്‍ഷം തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. രാജ്യസഭയിലെ ആദ്യ നടപടിക്രമമായ ശൂന്യവേള ആരംഭിച്ച ഉടനെ ഇന്നലെയും സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളാണ് വിഷയം ഉന്നയിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാതെ ശൂന്യവേളാ നടപടികളുമായി അധ്യക്ഷന്‍ മുന്നോട്ടുപോയതോടെ, സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതോടെ, ആം ആദ്മി പാര്‍ട്ടിയിലെ പുതിയ മൂന്നംഗങ്ങളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങളോട് തങ്ങളുടെ സീറ്റുകളിലേക്ക് തിരികെ പോവാന്‍ അധ്യക്ഷന്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും എസ്പി, എഎപി അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു. ബഹളത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ്സിലെ ഡെറിക് ഒബ്രിയേന്‍, കേന്ദ്ര ബജറ്റില്‍ പശ്ചിമബംഗാളിന് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് സംസാരിച്ചെങ്കിലും അദ്ദേഹത്തിന്റെ സംസാരം ബഹളത്തില്‍ മുങ്ങി. ഇതോടെ സഭ രണ്ടു മണി വരെ നിര്‍ത്തിവയ്ക്കുന്നതായി വെങ്കയ്യ നായിഡു അറിയിച്ചു. പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ വെള്ളിയാഴ്ചയും കാസ്ഗഞ്ച് വിഷയത്തില്‍ രാജ്യസഭ രണ്ടുതവണ നിര്‍ത്തിവച്ചിരുന്നു.
Next Story

RELATED STORIES

Share it