kozhikode local

തീവ്ര ഹിന്ദുത്വ വികാരമുണര്‍ത്തി നടന്ന കൂട്ടായ്മയില്‍ സിപിഐ നേതാവും

കോഴിക്കോട്: കോഴിക്കോട്ട് പ്രോഗ്രസ്സിവ് ഹിന്ദു ഫോറംതീവ്രഹിന്ദുത്വ വികാരമുണര്‍ത്തി നടത്തിയ പ്രകടനത്തിലും കൂട്ടായ്മയിലും സിപിഐ നേതാവും. കശ്മീരിലെ കത്്‌വയില്‍ കൂട്ടമാനഭംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഹിന്ദുത്വവാദികള്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധം പ്രതിരോധിക്കാനായി നടത്തിയ പരിപാടിയിലാണ് സിപിഐ നേതാവ് വര്‍ഗീയ പ്രസംഗം നടത്തിയത്. രണ്ട് വര്‍ഷം മുമ്പ് സിപിഐയിലെത്തിയ ഇപ്പോള്‍ നഗരത്തിലെ ബ്രാഞ്ച് ഭാരവാഹി കൂടിയായ സി സുധീഷും പ്രവര്‍ത്തകനായ ടി ഷനൂബ് തുടങ്ങിയവരാണ് ഹനുമാന്‍സേന നേതാവിനൊപ്പം വേദി പങ്കിട്ടത്. കോഴിക്കോട് ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹനുമാന്‍സേന മുന്‍കൈയെടുത്ത പരിപാടിയില്‍ പ്രസംഗിച്ചതിനെതിരേ ഒരുവിഭാഗം പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.
സംഘപരിവാര പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം വിഷയം സംസ്ഥാന നേതൃത്വത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു. നേരത്തെ ബിജെപിയിലും പിന്നീട് ബിഡിജെഎസിലും പ്രവര്‍ത്തിച്ച നിരവധി പേര്‍ രണ്ട് വര്‍ഷം മുമ്പ് സുധീഷിന്റെ നേതൃത്വത്തില്‍ സിപിഐയില്‍ ചേര്‍ന്നത്. സിപിഐ ദേശീയ കൗണ്‍സില്‍അംഗം സി എന്‍ ചന്ദ്രനായിരുന്നു ഇവരെ സ്വീകരിച്ചത്. സിപിഐയില്‍ എത്തിയപ്പോഴും സുധീഷ് എസ്എന്‍ഡിപി താലൂക്ക് യൂനിയന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല.
സംഘപരിവാറിനെ എന്ന വ്യാജേന ഹിന്ദു മതത്തെ അപമാനിക്കാന്‍ അനുവദിക്കില്ല, അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ ഹൈന്ദവരുടെ കടകള്‍ക്കും സ്വത്തിനും ജീവനും നേരെ ഇസ്‌ലാമിക വര്‍ഗീയവാദികള്‍ അക്രമം അഴിച്ചുവിടുകയാണ് തുടങ്ങിയ ആരോപണങ്ങളുന്നയിച്ചായിരുന്നു സുധീഷിന്റെ പ്രസംഗം.
ഹനുമാന്‍സേന നേതാവ് ഭക്തവല്‍സലന്റെ കൂടെ വേദി പങ്കിട്ടത് നിസാരമായി കാണാന്‍ സാധിക്കില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന ജില്ലാ സെക്രട്ടറി ടി വി ബാലന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it