തീവ്ര ദേശീയതയും വര്‍ഗീയ രാഷ്ട്രീയവും രാജ്യത്തെ വിഭജിച്ചു

മുംബൈ: തീവ്ര ദേശീയതയും ജാതി രാഷ്ട്രീയവും വര്‍ഗീയതയും രാജ്യത്തെ വിഭജിച്ചെന്ന് യുവജന സര്‍വേ. 2015നു ശേഷം രാജ്യം കൂടുതല്‍ വിഭജനങ്ങളിലെത്തിയെന്നാണ് ഇന്ത്യയിലെ 69 ശതമാനം യുവജനങ്ങളും അഭിപ്രായപ്പെട്ടത്. ധനകാര്യ സ്ഥാപനമായ വെസ്റ്റേണ്‍ യൂനിയന്‍ 15 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യന്‍ യുവതയുടെ പ്രതികരണം.
2030ഓടെ രാജ്യത്തെ വര്‍ഗീയ വിഭജനത്തിന് ആഴം വര്‍ധിക്കുമെന്നും യുവജനങ്ങള്‍ ആശങ്കപ്പെട്ടു. ആഗോളതലത്തിലും ഇന്ത്യയിലും വംശീയ, വര്‍ഗീയ അതിക്രമങ്ങള്‍ വര്‍ധിച്ചതോടെയാണ് വെസ്‌റ്റേണ്‍ യൂനിയന്‍ 1980-90കള്‍ക്കിടയില്‍ ജനിച്ചവരില്‍ സര്‍വേ സംഘടിപ്പിച്ചത്. ലോക യുവതയുടെ അഭിപ്രായപ്രകാരം വംശീയതയും അഭയാര്‍ഥികളുമാണ് പ്രധാന വെല്ലുവിളി. എന്നാല്‍, ഇന്ത്യയില്‍ സാമൂഹിക ധ്രുവീകരണവും സ്വജനപക്ഷപാതവും വിഭജനരാഷ്ട്രീയവുമാണ് ഭീഷണി.
2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വര്‍ധിച്ച ആള്‍ക്കൂട്ട കൊലകള്‍, വിദ്വേഷ രാഷ്ട്രീയം തുടങ്ങിയവയും യുവാക്കള്‍ ചൂണ്ടിക്കാട്ടി. 15 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം പേരെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ.
Next Story

RELATED STORIES

Share it