Kottayam Local

തീര്‍പ്പാക്കിയത് 21 പരാതികള്‍; കൂടുതലും കുടുംബ പ്രശ്‌നങ്ങള്‍

കോട്ടയം: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. ആകെ 78 പരാതികളാണ് പരിഗണിച്ചത്. പോലിസ് റിപോര്‍ട്ട് തേടുന്നതിനായി 13 പരാതികള്‍ നല്‍കി. 44 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് മാറ്റിവച്ചു. പുതുതായി 6 പരാതികളും ലഭിച്ചിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് അദാലത്തിനെത്തിയതില്‍ കൂടുതല്‍ കേസുകളും. കുട്ടികളുടെ വൈകല്യം മൂലം ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ച രണ്ടുകേസുകള്‍ ഒക്‌ടോബറിലെ അദാലത്തില്‍ കമ്മീഷന്‍ പരിഗണിച്ചിരുന്നു. ഈ കേസുകള്‍ വീണ്ടും പരിഗണിച്ചപ്പോള്‍ ഒമ്പത് വയസുളള കുട്ടിയെയും അമ്മയെയും ഉപേക്ഷിച്ച് പിതാവ് മറ്റൊരു വിവാഹം കഴിച്ചെന്ന കേസില്‍ കുട്ടിക്കും അമ്മയ്ക്കും 16,000 രൂപ വീതം മാസം ജീവനാംശം നല്‍കുന്നതിനും പരാതിക്കാരിയുടെ 25 പവന്‍ സ്വര്‍ണം തിരികെ നല്‍കുന്നതിനും ഈരാറ്റുപേട്ട ഫാമിലി കോടതിയില്‍നിന്നുണ്ടായ ഉത്തരവ് നടപ്പാക്കുന്നതിന് എക്‌സിക്യൂഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്ത് പരാതിക്കാരിക്ക് സാധ്യമായ സഹായങ്ങള്‍ നല്‍കാന്‍ അഡ്വ.സി എ ജോസിനെ കമ്മീഷന്‍ ചുമതലപ്പെടുത്തി. ഒന്നരമാസമായ ശാരീരിക വൈകല്യമുളള കുട്ടിയെയും തന്നെയും ഭര്‍ത്താവ് ഉപേക്ഷിച്ചെന്ന യുവതിയുടെ പരാതിയില്‍ കുട്ടിയെ സര്‍ക്കാരിന്റെ കിരണ്‍ പദ്ധതിയില്‍പെടുത്തി 18 വയസ്സുവരെ ചികില്‍സാസഹായം നല്‍കുന്നതിന് കമ്മീഷന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കൂടാതെ വിദേശത്തുളള കുഞ്ഞിന്റെ പിതാവില്‍നിന്നും മാസം തോറും ജീവനാംശം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നു എതിര്‍കക്ഷിയുടെ പിതാവ് കമ്മീഷനെ ധരിപ്പിച്ചു.
Next Story

RELATED STORIES

Share it