malappuram local

തീരദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ലീഗും സിപിഎമ്മും കൈകോര്‍ക്കുന്നു

തിരൂര്‍: അശാന്തിയുടെ തീരമായി മാറിയ തിരൂരിന്റെ തീരദേശത്ത് സമാധാനം പുനസ്ഥാപിക്കാനായി ലീഗും സിപിഎമ്മും കൈകോര്‍ക്കുന്നു. ഉണ്യാല്‍ മേഖലാ സമാധന കമ്മിറ്റി യോഗം ചേര്‍ന്നു. ഇന്നലെ നിറമരുതൂര്‍ പഞ്ചായത്ത് ഓഫിസ് ഹാളില്‍ ചേര്‍ന്ന ഉണ്യാല്‍ മേഖലാ മുസ്്‌ലീം ലീഗ് -സിപിഎം സമാധാനകമ്മിറ്റി യോഗം സമാധാനം പുനസ്ഥാപനത്തിനായി വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.
അടുത്ത വെള്ളിയാഴ്ച വൈകിട്ട് നാലിന് ഉണ്യാല്‍ ഫിഷറീസ് സെന്ററില്‍ പ്രാദേശിക യോഗം ചേരാന്‍ തീരുമാനിച്ചു. യോഗത്തില്‍ വച്ച് അതാത് പ്രദേശങ്ങളില്‍ സമാധാന കമ്മിറ്റികള്‍ക്ക് രൂപം നല്‍കുകയും ചെയര്‍മാന്‍, കണ്‍വീനര്‍മാരെ പ്രഖ്യാപിക്കുകയും ചെയ്യും.ഉണ്യാല്‍ മേഖലയെ ആറ് ഭാഗങ്ങളായി തിരിച്ചു. പുതിയകടപ്പുറം, ഉണ്യാല്‍ സൗത്ത്, ഉണ്യാല്‍ നോര്‍ത്ത്, ആലിന്‍ചുവട്, പറവണ്ണ, പുത്തങ്ങാടി എന്നിങ്ങനെയാണ് തിരിച്ചത്. പ്രസ്തുത പ്രദേശങ്ങളില്‍ നിന്നും ഇരു പാര്‍ട്ടികളില്‍ നിന്നായി അഞ്ചുവീതം പ്രവര്‍ത്തകരാണ് പ്രാദേശിക യോഗത്തില്‍ പങ്കെടുക്കേണ്ടത്. പ്രാദേശിക യോഗത്തിനു മുമ്പായി ഒരോ പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ അതാത് പ്രദേശങ്ങളില്‍ സമാധാനം ഉറപ്പുവരുത്താന്‍ പരിക്ക് പറ്റിയവരെയും അവരുടെ കുടുംബങ്ങളെയും മറ്റു പ്രവര്‍ത്തകരെയും നേരിട്ട് കണ്ട് സമാധാന സന്ദേശം കൈമാറാന്‍ ശ്രമിക്കാനും പ്രാദേശിക തലത്തിലെ പ്രശ്‌നങ്ങള്‍ അതാത് പ്രദേശങ്ങളില്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ പ്രശ്‌ന പരിഹാരത്തിന് നേതൃത്വം വഹിക്കണമെന്നും പെരുന്നാള്‍ കഴിയും വരെ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും യോഗത്തില്‍ ധാരണയായി. സമാധാന ശ്രമങ്ങള്‍ വിലയിരുത്തുന്നതിനായി 12 ന് ഉച്ചയ്ക്ക് രണ്ടിന് ഉണ്യാല്‍ മേഖലാ സമാധാന കമ്മിറ്റിയോഗം നിറമരുതൂര്‍ പഞ്ചായത്ത് ഹാളില്‍ വീണ്ടും ചേരും. സമാന രീതിയില്‍ താനൂര്‍ തീരദേശത്തെ ഇരുപാര്‍ട്ടികളില്‍ നിന്നായി ഏഴു പേര്‍ വീതം പങ്കെടുപ്പിച്ച് താനൂര്‍ മുനിസിപ്പല്‍ ഓഫിസില്‍ വച്ച് 10ന് വൈകിട്ട് മൂന്നിന് യോഗം ചേരാനും മേഖലാ യോഗത്തില്‍ തീരുമാനിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി മോശമായ പ്രചാരണം നടത്തരുതെന്നും സ്ത്രീകളേയോ കുട്ടികളേയോ വീടുകളേയോ ഉള്‍പ്പടെ ഒരു തരത്തിലുള്ള അക്രമവും പാടില്ലെന്നും കൊടിതോരണങ്ങള്‍ കെട്ടുന്നത് പോലിസ് സഹായത്തോടെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു. തീരദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തിരൂര്‍ കോരങ്ങത്തെ സാംസ്—കാരിക സമുച്ചയത്തില്‍ കഴിഞ്ഞ 30ന് ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.
തീരദേശത്ത് അക്രമസംഭവങ്ങള്‍ ഇനി ഉണ്ടാവില്ലെന്നും ഇരു പാര്‍ട്ടി നേതാക്കളും യോഗശേഷം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതുവരെയുണ്ടായ നാശനഷ്ടങ്ങളും ചികില്‍സാ ചെലവുകളും അതാത് പാര്‍ട്ടികള്‍ വഹിക്കാനും ധാരണയായിരുന്നു. സിപിഎം- മുസ്്‌ലിം ലീഗ് സംസ്ഥാന നേത്യത്വം കൈക്കൊണ്ട സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് തിരൂരില്‍ ഉഭയകക്ഷിയോഗം ചേര്‍ന്നത്. അതിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലത്തെ മേഖലാ യോഗം. റമദാനിലും തീരദേശത്ത് അക്രമം വ്യാപിക്കുന്ന സാഹചര്യത്തില്‍ മുസ്്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി, ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് എന്നിവരുടെ സാന്നിധ്യത്തില്‍ സമാധാന ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നു. തുടര്‍ന്ന് മണ്ഡലം ജില്ലാ നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ യോഗം മലപ്പുറത്തും നടത്തി. ഇതിന്റെ തുടര്‍ച്ചയായാണ് മൂന്നാം ഘട്ടത്തില്‍ തിരൂരില്‍ യോഗം ചേര്‍ന്നത്. ഉണ്യാല്‍ മേഖലാ സമാധാന കമ്മിറ്റി ചെയര്‍മാന്‍ പി പി സൈതലവി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ പി അലിക്കുട്ടി, സിപിഎം - ലീഗ് നേതാക്കളായ എം അബ്ദുള്ളക്കുട്ടി, ഇ ജയന്‍, വെട്ടം ആലിക്കോയ, കൂട്ടായി ബഷീര്‍, വി അബ്ദുല്‍ റസാഖ്, എം പി അഷ്‌റഫ് എന്നിവരും ഇരു പാര്‍ട്ടികളില്‍ നിന്നും ഏഴു വീതം പ്രദേശിക നേതാക്കളും പങ്കെടുത്തു.










Next Story

RELATED STORIES

Share it