Alappuzha local

തീരം കൊള്ളയടിക്കലാണ് ഇടതുമുന്നണിയുടെ ലക്ഷ്യം : അഡ്വ. എം ലിജു



ഹരിപ്പാട്: തീരദേശ വാസികളെ ഒഴിപ്പിച്ച് തീരത്തെ കരിമണല്‍ മാഫിയകള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.  എം ലിജു പറഞ്ഞു.ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫിസ് പടിക്കല്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറാട്ടുപുഴയെ ഗവണ്‍മെന്റ് കാണുന്നത് സാധാരണക്കാര്‍ താമസിക്കുന്ന പഞ്ചായത്തായിട്ടല്ല. മറിച്ച് കൊള്ളയടിക്കാനുള്ള ഒരു പ്രദേശമായാണ്. തീരദേശവാസികളോട് തീരം വിട്ടൊഴിഞ്ഞ് എവിടെയെങ്കിലും പോയി താമസിച്ചോളു എന്ന് പറയുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നയം. കാലവര്‍ഷത്തിന് മുമ്പ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ട ഗവണ്‍മെന്റിന് എന്ത് ചെയ്യണമെന്ന് അറിയാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കടല്‍ഭിത്തി നിര്‍മിക്കേണ്ട സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ ജില്ലയിലെ മന്ത്രിമാരെ വഴിതടയുന്നത് ഉള്‍പ്പടെ കൂടുതല്‍ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  കടല്‍ഭിത്തി നിര്‍മിക്കൂ, തീരം സംരക്ഷിക്കൂ എന്ന ആവശ്യം ഉന്നയിച്ചാണ് ഉപവാസം നടത്തിയത്. ആദ്യഘട്ടമായി ഇരു പഞ്ചായത്തുകളിലും നടന്ന സത്യാഗ്രഹത്തിന്റെ തുടര്‍ച്ചയായാണ് ഉപവാസം നടന്നത്. കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ് വിനോദ് കുമാര്‍ അധ്യക്ഷനായി. എം എം ബഷീര്‍, വി ഷുക്കൂര്‍, എസ് ദീപു, മുഞ്ഞിനാട് രാമചന്ദ്രന്‍, ബിജു കൊല്ലശ്ശേരി, അമ്മിണി, അജിത, ലത്തീഫ്, കെ വൈ അബ്ദുള്‍ റഷീദ്, സുധാകരന്‍, എ ഷാജഹാന്‍, പി.ആര്‍ ശശിധരന്‍, കെ ഗോപാലന്‍, ഹാരിസ് അണ്ടോളില്‍, ഷാജഹാന്‍ സിയാര്‍, സുധിലാല്‍, ഫക്രുദീന്‍  തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it