kannur local

തില്ലങ്കേരി ഉന്നമുള്ളചാല്‍ കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ ഉന്നമുള്ളചാല്‍ കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഒരുമാസം മുമ്പ് ആകെയുള്ള കിണര്‍ വറ്റിയതോടെ കിലോ മീറ്ററോളം താണ്ടി കുടിവെള്ളം തലച്ചുമടായി കൊണ്ടുവരികയാണ് കോളനിവാസികള്‍. ആറു ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ പത്തോളം കുടുംബങ്ങളാണ് ഇവിടെ താമസം. 30 വര്‍ഷം മുമ്പ് ഇരിട്ടി ബ്ലോക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തിയാണ് ഇവിടെ കിണര്‍ കുഴിച്ചത്. ജലലഭ്യത കുറഞ്ഞതോടെ തൊട്ടടുത്ത് കുഴല്‍ക്കിണര്‍ കുഴിച്ചിരുന്നെങ്കിലും ഇതും ഉപയോഗശൂന്യമായി. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഗണിച്ച് മൂന്നുവര്‍ഷം മുമ്പ് കിയോസ്‌ക് സ്ഥാപിച്ചു. ഒന്നര മാസം കഴിഞ്ഞ് മാത്രമേ റവന്യൂവകുപ്പ് കുടിവെള്ളം വിതരണം ചെയ്യുകയുള്ളൂ എന്നതിനാല്‍ അപ്പോള്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ.പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കമെന്ന് നിരന്തരം ഗ്രാമസഭകളിലും മറ്റും ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ട്രൈബല്‍ പ്രമോട്ടറും കോളനിയില്‍ എത്താറില്ലെന്ന് പരാതിയുണ്ട്. കോളനിവാസികള്‍ക്ക് പലര്‍ക്കും ആധാര്‍ കാര്‍ഡോ, ഇലക്ഷന്‍ തിരിച്ചറിയില്‍ കാര്‍ഡോ, റേഷന്‍ കാര്‍ഡോ ഇല്ല. കഴിഞ്ഞ ദിവസം ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ മേഖലയിലെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായി വിവിധ വകുപ്പുകളുമായി സഹകരിച്ച് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലും കോളനിയില്‍നിന്ന് ഒരുആദിവാസിയെ പോലും പങ്കെടുപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ താല്‍പര്യം കാണിച്ചില്ല.
Next Story

RELATED STORIES

Share it