malappuram local

തിരൂരങ്ങാടിയില്‍ 60 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

തിരൂരങ്ങാടി: ആന്ധ്രയില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്കു വിതരണത്തിനു കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശിയായ യുവതിയടക്കം മൂന്നുപേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയില്‍. ഇടുക്കി രാജാക്കാട് കാഞ്ഞിരം തടത്തില്‍ അഖില്‍ എന്ന കീരി (23), ആന്ധ്ര റംബചോട വാരം  റെഡിപേട്ട സ്വദേശികളായ ചെല്ലൂരി ശ്രീനിവാസ്(22), നാഗദേവി (22) എന്നിവരെയാണു പിടികൂടിയത്. രണ്ടാഴ്ച മുന്‍പ് ആന്ധ്രയില്‍നിന്നു കഞ്ചാവ് ലോറിയില്‍ കടത്തിയ സംഘത്തെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  കഞ്ചാവ് മാഫിയയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചു. ഇവരെക്കുറിച്ച് മനസ്സിലാക്കിയ അന്വേഷണസംഘം കേരളത്തിലെ കഞ്ചാവിന്റെ മൊത്ത വിതരണക്കാരണെന്ന രീതിയില്‍ ഇവരെ ബന്ധപ്പെട്ടതില്‍ ആന്ധ്രയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മഞ്ചേരി എസ്‌ഐ ജലീലിന്റെ നേതൃത്വത്തില്‍ പ്രത്യേക അനേ്വാഷണസംഘം വേഷം മാറി ആന്ധ്രയിലെ വിജയ വാടയില്‍ എത്തുകയും ഇടുക്കി രാജാക്കാട് സ്വദേശി അഖിലിനെ ബന്ധപ്പെടുകയും വില പേശി ഓര്‍ഡര്‍ കൊടുക്കുകയും ചെയ്തു. കേരളത്തില്‍ എത്തിച്ചാല്‍ മുഴുവന്‍ പണവും അവിടെവച്ച് തരാമെന്ന് അയാളെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ഡീലുറപ്പിച്ച കഞ്ചാവ് രണ്ട് ആഴ്ചയ്ക്കകം കേരളത്തില്‍ എത്തിച്ചു തരാമെന്ന ഉറപ്പിന്‍മേല്‍ അന്വേഷണ സംഘം നാട്ടിലെത്തി വലയും വിരിച്ച് കാത്തിരിക്കുകയായിരുന്നു. രണ്ടാഴ്ചയോളം അവിടെ താമസിച്ച സംഘം ഇവരെ സ്ഥിരമായി ബന്ധപ്പെടുന്ന കേരളക്കാരെ കുറിച്ചും ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളെ കുറിച്ചും മനസ്സിലാക്കുകയും തുടര്‍ന്നു രണ്ടാഴ്ചയോളം മാവോവാദി സ്വാധീനം ഉള്ള സ്ഥലത്ത് താമസിച്ച് ഇവരെ നീരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നു പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണ സംഘം നടത്തിയ നീക്കത്തില്‍ ആന്ധയില്‍ നിന്നു ഒരു സംഘം കഞ്ചാവുമായി കേരളത്തിലേക്ക് പോന്നിട്ടുണ്ടെന്ന രഹസ്യ വിവരം കിട്ടിയതില്‍ പ്രതികള്‍ കഞ്ചാവ് കൊണ്ടുപോവുന്ന വാഹനത്തെ കുറിച്ചു മനസ്സിലാക്കിയ സഘം ഞായറാഴ്ച വൈകീട്ടോടെ ദേശീയപാത വെന്നിയൂരില്‍ വച്ച് ഇവര്‍ സഞ്ചരിച്ചു വന്ന കാര്‍ അടക്കം മൂന്നുപേരെയും തന്ത്രപരമായി പിടികൂടുകയായിരുന്നു.
പിടികൂടിയ ഇടുക്കി സ്വദേശിയെ ചോദ്യം ചെയ്തതില്‍ കേരളത്തിലെ വിവിധ ജില്ലകളിലുള്ള മൊത്ത വിതരണക്കാര്‍ക്കു കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നത് ഇയാളാണെന്നു സമ്മതിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ സംസ്ഥാനത്തെ മൊത്ത വിതരണക്കാരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. പ്രതികളെ  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. 10 ലക്ഷത്തോളം വിലമതിക്കുന്ന കഞ്ചാവാണു പിടികൂടിയത്.
മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി ഇന്‍സ്‌പെകര്‍ ഇ സുനില്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ  വിശ്വനാഥന്‍ കാരയില്‍, കെ ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കെ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശികുണ്ടറക്കാട്, പി സഞ്ജീവ്, മുഹമ്മദ് സലിം എന്നിവരെ  കൂടാതെ എഎസ്‌ഐ വിജയന്‍, സുരേഷന്‍, എഎസ്‌ഐ പി മനോജ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it