Pathanamthitta local

തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്നു പുറപ്പെടും

പന്തളം: മകരവിളക്കിന് ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള  തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് പന്തളം കൊട്ടാരത്തില്‍ നിന്ന് ആഭരണങ്ങാള്‍ ക്ഷേത്രത്തിലേക്ക് മാറ്റും. തുടര്‍ന്ന് ശ്രീകോവിലിന് മുന്നില്‍ പ്രധാനപെട്ടി തുറന്ന് ഭക്തജനദര്‍ശനത്തിനായി വെയ്ക്കും.ഉച്ചയ്ക്ക് 12.30ന് വലിയ തമ്പുരാന്‍ പി രാമവര്‍മ്മ രാജയും രാജപ്രതിനിധി പി രാജരാജവര്‍മ്മയും ക്ഷേത്രത്തിലേക്കെഴുന്നെള്ളും. വലിയ തമ്പുരാനും രാജപ്രതിനിധിയും ഘോഷയാത്രാ സംഘത്തെ ഭസ്മം നല്‍കി അനുഗ്രഹിക്കും. മേല്‍ശാന്തി ശീ കോവിലില്‍ പൂജിക്കുന്ന ഉടവാള്‍ വലിയ തമ്പുരാന്‍ ഏറ്റുവാങ്ങി രാജ പ്രതിനിധിക്ക് കൈമാറും. 12.45 ന് ആഭരണങ്ങള്‍ നീരാഞ്ജനമുഴിഞ്ഞ് പെട്ടികളിലാക്കും. 12.55ന് രാജപ്രതിനിധി ക്ഷേത്രത്തിന് പുറത്തിറങ്ങി പല്ലക്കിലേറി യാത്ര തിരിക്കും. ഗുരുസ്വാമി കുളത്തിനാല്‍  ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവാഭരണപ്പെട്ടികള്‍ ശിരസ്സിലേന്തി ശബരിമലയിലേക്ക് പോകുക. അയ്യപ്പന്‍മാരും ഘോഷയാത്രയെ അനുഗമിക്കും. മണികണ്ഠനാല്‍ത്തറയിലെ സ്വീകരണത്തിന് ശേഷം കൈപ്പുഴ ,കുളനട, ഉള്ളന്നൂര്‍, ആറന്‍മുള വഴി രാത്രി അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി  വിശ്രമിക്കും ഇവിടെ  തിരുവാഭരണങ്ങള്‍  ഭക്തജന ദര്‍ശനത്തിനായി വെയ്ക്കും. നാളെ രാവിലെ  അയിരൂരില്‍ നിന്നും പുറപ്പെട്ട് മുക്കന്നൂര്‍, ഇടപ്പാവൂര്‍, ആയിക്കല്‍, മന്ദിരം, ഇടക്കുളം, വടശ്ശേരിക്കര, പെരുനാട് വഴി ളാഹയിലെത്തി വിശ്രമിക്കും. 14ന് പരമ്പരാഗത പാതയിലൂടെ  സഞ്ചരിച്ച്  വലിയാനവട്ടം, ചെറിയാനവട്ടം വഴി  സന്ധ്യയോടെ  ശബരിമല സന്നിധാനത്തെത്തിച്ചേരും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ തന്ത്രിയും  മേല്‍ശാന്തിയും  ചേര്‍ന്ന്  ശീ കോവിലിനുള്ളില്‍  കൊണ്ടു പോയി അയ്യപ്പ വിഗ്രഹത്തില്‍  അണിയിക്കും. ദീപാരാധനാ  വേളയില്‍  പൊന്നലമേട്ടില്‍ മകരജ്യോതി ദര്‍ശനം. 20 ന് തിരുവാഭരണങ്ങള്‍  മടക്കയാത്ര  ആരംഭിക്കും. 23ന്  രാവിലെ  പന്തളത്ത് തിരികെ എത്തും.
Next Story

RELATED STORIES

Share it