Alappuzha local

തിരുവാഭരണത്തിലെ പതക്കം കണ്ടെത്താന്‍ ക്ഷേത്രക്കിണര്‍ വറ്റിച്ച് തിരച്ചില്‍ നടത്തി



അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവാഭരണത്തിലെ നവരത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായ കേസില്‍ കിണര്‍ വറ്റിച്ച് പരിശോധന നടത്തി.മൂന്ന് മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും പതക്കം കണ്ട് കിട്ടിയില്ല. ആലപ്പുഴയില്‍ നിന്നെത്തിയ ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാവിലെ ക്ഷേത്ര കുളത്തിന് സമീപത്തെ കിണര്‍ വറ്റിച്ച് പരിശോധന നടത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് എസ് ഐ വിക്രമന്റെ മേല്‍നോട്ടത്തിലായിരിന്നു പരിശോധന.പാല്‍പായസമുണ്ടാക്കുന്നതിന് ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നഷ്ടപെട്ട പതക്കം കിണറ്റില്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് ആലപ്പുഴ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ് സതീശന്റെ നേതൃത്വത്തില്‍ 15 ഓളം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂറോളം പരിശോധന നടത്തിയത്. കിണറിന് മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് നീക്കം ചെയ്തതിന് ശേഷം മോട്ടോര്‍ സ്ഥാപിച്ചാണ് കിണര്‍ വറ്റിച്ചത്. മുഴുവന്‍ വെള്ളവും വറ്റിച്ച്  കിണറിന്റെ അടിത്തട്ടിലുണ്ടായിരുന്ന മാലിന്യവും പുറത്തെടുത്ത് പരിശോധനടത്തിയെങ്കിലും പതക്കം ലഭിച്ചില്ല. ഇനി ക്ഷേത്രക്കുളം വറ്റിച്ച് പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ക്ഷേത്രത്തില്‍ 9 കിണറുകളും മൂന്ന് കുളങ്ങളുമാണുള്ളത്. ഇതില്‍ ഊട്ടുപുരക്ക് സമീപം മേല്‍ശാന്തിമാര്‍ മാത്രം ഉപയോഗിക്കുന്ന കിണറിനു മുകളില്‍ ഇരുമ്പ് വലയുള്ളതിനാല്‍ പതക്കം ഇതിലുണ്ടാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
Next Story

RELATED STORIES

Share it