Flash News

തിരുവനന്തപുരത്ത് അത്യാധുനിക വൈറോളജി ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: ഏതു വൈറസിനെയും തിരിച്ചറിയാന്‍ സംവിധാനമുള്ള അത്യാധുനിക വൈറോളജി ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത് വരുന്നു. വൈറസുകള്‍ സ്ഥിരീകരിക്കുന്നതിനായി അന്യസംസ്ഥാനങ്ങളെയോ മറ്റു രാജ്യങ്ങളെയോ ആശ്രയിക്കുന്ന കാലതാമസം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പ്രവര്‍ത്തനം തുടങ്ങും. വിവിധ പനി വൈറസുകളുടെ സ്ഥിരീകരണത്തിനും പുതുതായി പ്രത്യക്ഷപ്പെടുന്ന നിപാ പോലുള്ളവ കാലതാമസമില്ലാതെ കണ്ടെത്തി പ്രതിവിധി സ്വീകരിക്കുന്നതിനും ലാബ് സജ്ജമാകുന്നതോടെ സൗകര്യമാവും.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യ ഘട്ടം ആറു മാസത്തിനുള്ളില്‍ തന്നെ ആരംഭിക്കാവുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ആദ്യ ഘട്ടത്തിനുള്ള 25,000 ചതുരശ്ര അടി കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം പ്രീഫാബ് രീതിയില്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികളായിട്ടുണ്ട്. കൂടാതെ, അതിവിശാലവും അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവും അനുസരിച്ചുള്ള 80,000 ചതുരശ്ര അടി പ്രധാന സമുച്ചയത്തിന്റെ നിര്‍മാണ ചുമതല കെഎസ്‌ഐഡിസി മുഖേന എല്‍എല്‍എല്‍ ലൈറ്റ്‌സിനെ ഏല്‍പിച്ചിട്ടുണ്ട്. ഇത് 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
അടിസ്ഥാനപരമായി രോഗനിര്‍ണയവും ഉന്നതതല ഗവേഷണവുമാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചുമതലകള്‍. രോഗബാധ സംബന്ധിച്ച സാംപിളുകള്‍ ശേഖരിച്ച് എത്തിച്ചാല്‍ പൂനെയിലെ വൈറോളജി ലാബില്‍ ലഭ്യമാകുന്നതിനേക്കാള്‍ നിലവാരത്തിലുള്ള നിര്‍ണയത്തിന് ഇവിടെ അവസരമുണ്ടാകും. ഇന്ത്യയില്‍ എവിടെ നിന്നുള്ള സാംപിളും ഇവിടെ സ്വീകരിക്കും. കൂടാതെ, ജനങ്ങള്‍ക്ക് നേരിട്ടെത്തി സംശയമുള്ള സാംപിള്‍ നല്‍കി വൈറസോ രോഗമോ നിര്‍ണയിക്കാനും അവസരമുണ്ട്. വിവിധ വൈറസുകള്‍ക്കുള്ള പ്രതിരോധ മരുന്നു നിര്‍മാണത്തിനുള്ള ആധുനിക ഗവേഷണവുമുണ്ടാകും.
2017ല്‍ രൂപപ്പെട്ട പദ്ധതി 2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാവുന്ന തരത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്. നിലവില്‍ നിപാ പോലുള്ള വൈറസുകളുടെ ആക്രമണവും മറ്റും പരിഗണിച്ച് പ്രവര്‍ത്തനം നേരത്തേ തുടങ്ങാനാവുംവിധം നിര്‍മാണം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപനം ഈ മാസം 30ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
Next Story

RELATED STORIES

Share it