Flash News

തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വാനാക്രൈ ആക്രമണം



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാനാക്രൈ വൈറസിന്റെ ആക്രമണം. തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന റെയില്‍വേ ഡിവിഷന്‍ ഓഫിസിലെ അഞ്ച് കംപ്യൂട്ടറുകളെയാണ് വൈറസ് ആക്രമിച്ചത്.  ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തശേഷം പണം ആവശ്യപ്പെടുന്ന വാനാക്രൈ റാന്‍സംവെയറിന്റെ ആക്രമണമാണ് ഉണ്ടായതെന്ന് ടെക്‌നിക്കല്‍ വിദഗ്ധര്‍ അറിയിച്ചു. ഓഫിസിലെ അക്കൗണ്ട്‌സ് വിഭാഗത്തിലെ നാല് കംപ്യൂട്ടറുകളിലും ടെക്‌നിക്കല്‍ വിഭാഗത്തിലെ ഒരു കംപ്യൂട്ടറിലുമാണ് രാവിലെ 11.30ഓടെ വാനാക്രൈ ആക്രമണമുണ്ടായത്. കംപ്യൂട്ടറുകള്‍ പ്രവര്‍ത്തന രഹിതമായതിനത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റാന്‍സംവെയര്‍ വൈറസ് ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. ഓരോ കംപ്യൂട്ടറിനും നിശ്ചിത സമയത്തിനുള്ളില്‍ 300 ഡോളറിന് തുല്യമായ പണം നല്‍കിയാല്‍ മാത്രമേ വീണ്ടും പ്രവര്‍ത്തന സജ്ജമാവൂ എന്നാണ് സന്ദേശം.വൈറസ് ആക്രമണം ശ്രദ്ധയില്‍പ്പെട്ടതോടെ ഓഫിസിലെ കംപ്യൂട്ടറുകളും നെറ്റ്‌വര്‍ക്കും ഓഫാക്കി. വൈറസ് ആക്രമണമുണ്ടായ കംപ്യൂട്ടറുകളില്‍ നിന്നും വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ശമ്പളവുമായി ബന്ധപ്പെട്ട ജോലികള്‍ നടത്തേണ്ടതിനാല്‍ വൈകീട്ടോടെ പേഴ്‌സനല്‍ ഡിപാര്‍ട്ട്‌മെന്റിലെ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചു. ടെക്‌നിക്കല്‍ വിദഗ്ധര്‍ പരിശോധിച്ച് ഇന്ന്തന്നെ  തകരാര്‍ പരിഹരിക്കും.  പൊതുജനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it