palakkad local

തിരുനെല്‍വേലി -പൂനെ എക്‌സ്പ്രസ് പാളം തെറ്റിയ സംഭവം: ഗതാഗതം പുനസ്ഥാപിക്കാനായില്ല



കൊല്ലങ്കോട്: തമിഴ്‌നാട് ആനമലയ്ക്കും മീനാക്ഷീപുരത്തിനും ഇടയില്‍ തിരുനെല്‍വേലി  പൂന്നെ എസി അവധിക്കാല പ്രത്യേക തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്നു ഇന്നലെയും ഇതു വഴിയുള്ള ഗതാഗതം നിലച്ചു.  ചൊവ്വാഴച്ച രാത്രി പത്തു മണിയോടെയാണ് ആന മലക്കും മീനാക്ഷീ പുരത്തിനുമിടെ  വാഴക്കൊമ്പ് നാഗൂര്‍ വെച്ച്  ട്രാക്കിന് സമീപത്തുള്ള അമ്പലത്തിന്റെ മുന്നിലുള്ള മരത്തിന്റെ ശിഖിരം ഒടിഞ്ഞു വീണു ട്രെയിന്‍ പാളം തെറ്റിയത്. മരത്തിലിടിച്ച് മുന്നോട്ടു നീങ്ങിയ ട്രെയിനിന്റെ എഞ്ചിന്‍ ആദ്യത്ത് ജനറല്‍ കംപാര്‍ട്ട്‌മെന്റും ഏഴ് എ സി കംപാര്‍ട്ട്‌മെന്റുകളുമാണ് പാളം തെറ്റിയത്. മരം വീണ സ്ഥലത്തു നിന്നും 200 മീറ്റര്‍ ദൂരം ട്രാക്കില്‍ നിന്നും മാറിയാണ് ട്രെയിന്‍  പാളം തെറ്റി ഓടിയത്. എന്നാല്‍ ബോഗികള്‍ പാളത്തില്‍ നിന്നും വീഴാത്തത് വന്‍ ദുരന്തം ഒഴിവായി. ജനവാസം തീരെ കുറഞ്ഞ കാടിനുള്ളിലൂടെയാണ് റെയില്‍വേ ലൈന്‍. ട്രാക്കിനു സമീപത്തായുള്ള 200 വര്‍ഷം പഴക്കമുള്ളതായി നാട്ടുകാര്‍ പറയുന്ന പൂള മരമാണ് കടപുഴകി ലൈനില്‍വീണത്. തുടര്‍ന്നു അര്‍ധരാത്രിയോടെ ഷൊര്‍ണൂരില്‍ നിന്നും പ്രത്യേക സംഘം രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തെത്തി ലൈനില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റി.  പൊള്ളാച്ചിയില്‍ നിന്നും എത്തിയ എഞ്ചിന്‍ പാളം തെറ്റാത്ത ബോഗികളിലേക്ക് മാറ്റിയ ശേഷം യാത്രക്കാരെയും കൊണ്ട് പൊള്ളാച്ചി സ്‌റ്റേഷനിലേക്ക് പോയി. പുലര്‍ച്ച ഇതുവഴി പോകേണ്ട പാലക്കാട് തിരുച്ചെത്തൂര്‍ തീവണ്ടി റദ്ദാക്കിയിരുന്നു.  ബോഗികള്‍ നീക്കുന്നതിനായി മധുരൈയില്‍ നിന്നും പ്രത്യേകസംഘം സ്ഥലത്തെത്തി പാളം തെറ്റിയ ഓരോ ബോഗികളായി മാറ്റുന്ന പ്രവര്‍ത്തനത്തിലും എന്‍ജിന്‍ ക്രെയിന്‍ ഉപയോഗിച്ച് ട്രാക്കില്‍ നിര്‍ത്താനുള്ള ശ്രമം നടന്നു. പാളം തെറ്റിയതിനെത്തുടര്‍ന്നു സ്ലിപ്പര്‍ സിമന്റ്കട്ടയില്‍ ഉറപ്പിച്ച റെയില്‍ ട്രാക്ക് ഇളകിയും പാളങ്ങള്‍ പൊട്ടുകയും ചെയ്ത നിലയില്‍ കണ്ടെത്തി. ജര്‍മ്മന്‍ സങ്കേതിക വിദ്യയില്‍ നിര്‍മിച്ച എല്‍എച്ച്ബി കോച്ചുകളും  കുട്ടിമുട്ടിയെങ്കിലും യാത്രക്കാര്‍ക്ക് കുലുക്കം മാത്രമായി തോന്നിയതെല്ലാതെ മറ്റൊന്നും അനുഭവപ്പെട്ടില്ലെന്നു ട്രെയിനിലുണ്ടായിരുന്നവര്‍ പറഞ്ഞു. എല്ലാ കോച്ചുകളും എസി കോച്ചുകളായിരുന്നു.  യാത്രക്കാരായി ട്രെയിനില്‍  480 പേര്‍ ഉണ്ടായിരുന്നതായും റെയില്‍വേ അറിയിച്ചു. റെയില്‍വേ ട്രാക്ക് പൂര്‍ണമായി നന്നാക്കിയാല്‍ മാത്രമേ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയൂ. ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അപകടത്തെക്കുറിച്ച് വിലയിരുത്തുന്നുണ്ട്.
Next Story

RELATED STORIES

Share it