Alappuzha local

തിരഞ്ഞെടുപ്പ് മറയാക്കി ചെങ്ങന്നൂരില്‍ വ്യാപക മണ്ണെടുപ്പ്‌

ചെങ്ങന്നൂര്‍: തിരഞ്ഞെടുപ്പ് മറയാക്കി രാഷ്ട്രീയക്കാരെ സ്വാധീനിച്ച് ചെങ്ങന്നൂരില്‍ വീണ്ടും വ്യാപക മണ്ണെടുപ്പ്. രാത്രിയില്‍ തലങ്ങും വിലങ്ങും മണ്ണ് ലോറികള്‍ പാഞ്ഞിട്ടും നടപടിയെടുക്കാന്‍ പോലിസും മടിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫണ്ടുകള്‍, പൊതുയോഗങ്ങള്‍, പ്രചാരണ ചിലവുകള്‍ എന്നിവയ്ക്ക് പ്രാദേശിക ഘടകങ്ങള്‍ക്ക് ലക്ഷങ്ങളാണ് മണ്ണ് ലോബി ഇതിനുവേണ്ടി കൈമാറുന്നത്.
ഇതിനാല്‍ പാര്‍ട്ടിയോ മുന്നണിയോ നോക്കാതെ രാഷ്ട്രീയ പാര്‍ട്ടികളും മണ്ണെടുപ്പിനെ സഹായിക്കുകയാണ്.   വേനലും ചൂടും കടുത്തിട്ടും ചെങ്ങന്നൂരില്‍ മണ്ണെടുപ്പിന് ശമനമില്ലാത്ത സ്ഥിതിയാണ്. താലൂക്കിനും ജില്ലയ്ക്കും പുറമേ മറ്റ് ജില്ലകളിലേക്കും ടിപ്പറുകള്‍ മണ്ണുമായി പോകുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പാസ്സുകളാണ് മണ്ണെടുപ്പുകാര്‍ അധികവും സംഘടിപ്പിച്ചിരിക്കുന്നത്. വ്യാജപാസ് സംഘടിപ്പിച്ച് താലൂക്കില്‍ മണ്ണെടുപ്പ് ശക്തമാകുന്നതായി കാട്ടി അടുത്തിടെ ആര്‍ഡിഒ ജില്ലാ കലക്ടര്‍ക്ക് കത്തയച്ചിരുന്നു. പലതവണ ടിപ്പറുകള്‍ അടക്കം കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു സമയത്ത് പോലീസ് ശക്തമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് മണ്ണെടുപ്പ് ഒരു പരിധി വരെ കുറഞ്ഞിരുന്നു. പാസില്ലാതെ മണ്ണെടുക്കുന്നതിനും അമിത ലോഡ് കയറ്റുന്നതിനും ലോറികള്‍ അമിത വേഗത്തില്‍ പായുന്നതിനുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ തുടങ്ങിയതോടെ നിയമം തെറ്റിച്ച് മണ്ണ് കടത്തുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞിരുന്നു. എന്നാല്‍ അധികൃതരുടെ ഒത്താശയോടെ തന്നെയാണ് മണ്ണെടുപ്പ് വീണ്ടും സജീവമാകുന്നത്. കലക്ടറുടെ ഉത്തരവ് അനുസരിച്ച് രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെയാണ് ടിപ്പറുകള്‍ ഓടാനുള്ള സമയം. ഇതിനിടയില്‍ രാവിലെ ഒന്‍പത് മുതല്‍ 10 വരെയും വൈകിട്ട് നാലു മുതല്‍ അഞ്ച്  വരെയും നിരോധനമുണ്ട്. രാവിലെ ഏഴു മുതലേ മണ്ണ് ഘനനം പാടുള്ളൂ എന്നാണ് നിയമം.
എന്നാല്‍ ചെങ്ങന്നൂര്‍ മേഖലയില്‍ രാത്രികാലങ്ങളിലാണ് മണ്ണെടുപ്പ് സജീവമാകുന്നത്. അമിത ലോഡുമായി മണ്ണ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നത് കണ്ടാലും പോലീസോ അധികാരികളോ നടപടിയെടുക്കുന്നില്ല. ലക്ഷ്യസ്ഥാനം ഏതെന്ന് വ്യക്തമാക്കാത്ത പാസ്സുകളാണ് പിടിക്കപ്പെടുന്നവരില്‍ നിന്ന് കണ്ടെടുക്കുന്നത്. കൃത്യമായ തീയതിയും രേഖപ്പെടുത്തിയിട്ടില്ല. ടിപ്പറുകളുടെ നിയന്ത്രണം ഇല്ലാത്ത പരക്കം പാച്ചില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു.
മണ്ണെടുപ്പ് ശ്രദ്ധയില്‍ പെട്ടപ്പോഴെല്ലാം പോലിസ് കര്‍ശന നടപടി സ്വീകരിച്ചതായും കഴിഞ്ഞ മാസങ്ങളില്‍ എട്ടും പിന്നീടുള്ള മാസങ്ങളില്‍ അഞ്ചും ആറും കേസുകള്‍ എടുത്തിട്ടുണ്ടെന്നും മണ്ണെടുപ്പ്‌നടക്കുന്നെന്ന് പരാതി ഉയര്‍ന്ന സ്ഥലങ്ങളില്‍ പട്രോളിങ്ങ് ശക്തമാക്കിയതായും എന്നാല്‍ പ്രാദേശികമായി പോലീസില്‍ അറിയിക്കാത്തതാണ് മണ്ണെടുപ്പ്് വ്യാപകമാകാന്‍ കാരണമെന്നും ചെങ്ങന്നൂര്‍ എസ്‌ഐ എം സുധിലാല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it