World

തിരഞ്ഞെടുപ്പ് ഫലം മാനിക്കുമെന്ന് മാലദ്വീപ് സൈന്യവും പോലിസും

മാലെ: തിരഞ്ഞെടുപ്പ് ഫലത്തെ ബഹുമാനിക്കുമെന്നും അത് സംരക്ഷിക്കുമെന്നും മാലദ്വീപില്‍ സൈന്യവും പോലിസും. പ്രതിപക്ഷത്തിന്റെ വിജയത്തെ വെല്ലുവിളിക്കാന്‍ പ്രസിഡന്റ് അബ്ദുല്ലാ യമീന്‍ ശ്രമം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് സൈന്യം നിലപാട് വ്യക്തമാക്കിയത്. സപ്തംബര്‍ 23ന് നടന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എഴുതിയ വിധിയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുമെന്ന് പോലിസ് മേധാവി അബ്ദുല്ലാ നവാസ് ട്വീറ്റ് ചെയ്തു. സമാനമായ പ്രസ്താവന സൈനികവക്താവും നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് ഫലത്തെ വെല്ലുവിളിക്കാന്‍ യമീന്‍ ശ്രമി—ക്കുന്നുവെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മുഹമ്മദ് സാലിഹ് വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞേ ഫലം ഓദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയുള്ളൂ. യമീനിനോട് അനുഭാവം പുലര്‍ത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം രജിസ്റ്റര്‍ ചെയ്യുന്നതില്‍ കലതാമസം വരുത്താന്‍ നീക്കം നടത്തുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. മുഹമ്മദ് സാലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും റിപോര്‍ട്ടുണ്ട്.

Next Story

RELATED STORIES

Share it