Editorial

തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തിയാല്‍

അടുത്ത വര്‍ഷം നടക്കേണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തെ തിരഞ്ഞെടുപ്പു സമ്പ്രദായം പരിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നു. ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതു സംബന്ധിച്ചാണ് ദേശീയ നിയമ കമ്മീഷന്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയകക്ഷികളില്‍ നിന്നു നിയമ കമ്മീഷന്‍ അഭിപ്രായം സ്വീകരിക്കുകയുണ്ടായി.
തിരഞ്ഞെടുപ്പുകളുടെ സമയക്രമം പരിഷ്‌കരിക്കുകയെന്ന അഭിപ്രായം നേരത്തേ മുന്നോട്ടുവച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഭരണപരമായ സൗകര്യങ്ങളും അമിതമായ ചെലവുകള്‍ ഒഴിവാക്കലും ഒക്കെയാണ് അതിന് അദ്ദേഹം ഉന്നയിച്ച ന്യായീകരണങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളും വെവ്വേറെ സമയങ്ങളില്‍ നടക്കുന്നതിനാല്‍ ഓരോ തവണയും ഭരണസ്തംഭനമാണു സംഭവിക്കുന്നത്. നാലു മുതല്‍ ആറുവരെ മാസക്കാലം ഭരണകൂടം പൂര്‍ണമായും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവരുന്നു. വികസനരംഗത്ത് വേണ്ടത്ര ശ്രദ്ധനല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന ഘട്ടങ്ങളില്‍ ദൈനംദിന ഭരണനിര്‍വഹണമൊഴികെ മറ്റൊരു കാര്യവും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. അതിനേക്കാള്‍ അപ്പുറം, ഓരോ തവണയും അത്യമിതമായ സാമ്പത്തികവ്യയമാണ് തിരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി ആവശ്യമായിവരുന്നത്. ചെലവുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു മാത്രമല്ല, ഭരണകൂടങ്ങള്‍ക്കും താങ്ങാനാവാത്തവിധം വര്‍ധമാനമായിക്കൊണ്ടിരിക്കുകയാണ്- ഇതൊക്കെയാണ് രണ്ടു തിരഞ്ഞെടുപ്പുകളും ഒരേസമയത്ത് നടത്തുന്നതിനു ന്യായീകരണമായി ഉന്നയിക്കപ്പെടുന്നത്.
പറയുന്ന കാര്യങ്ങള്‍ ശരിയാണ്; പക്ഷേ എങ്ങനെയാണ് തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നത് പ്രായോഗികമാക്കുന്നത്? നിയമസഭയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നാല്‍ ബാക്കിവരുന്ന കാലം മുഴുക്കെ പ്രസിഡന്റ് ഭരണം എന്ന പേരില്‍ ഉദ്യോഗസ്ഥഭരണം അംഗീകരിക്കേണ്ടിവരും എന്നത് ഒന്നാമത്തെ പ്രശ്‌നം. സംസ്ഥാനങ്ങളില്‍ മന്ത്രിസഭകള്‍ വീഴുന്നതും ഭരണസ്തംഭനം സംഭവിക്കുന്നതും ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അങ്ങനെ വരുമ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാലം ജനായത്തഭരണം വേണ്ടെന്നുവയ്‌ക്കേണ്ട അവസ്ഥയാണ് വന്നുചേരുക.
രണ്ടാമത്തെ പ്രശ്‌നം, രാഷ്ട്രീയ പ്രതിസന്ധി സംസ്ഥാനങ്ങളില്‍ മാത്രമല്ല കേന്ദ്രത്തിലും വരാമെന്നതാണ്. ലോക്‌സഭ പിരിച്ചുവിടേണ്ട സാഹചര്യം വന്നാല്‍ ഇടക്കാല തിരഞ്ഞെടുപ്പിലേക്കു പോവേണ്ടിവരും. അപ്പോള്‍ സംസ്ഥാനങ്ങളില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളുടെയും നിയമസഭകളുടെയും അവസ്ഥ എന്താവും? കേന്ദ്രത്തിലെ ഭരണസ്തംഭനത്തിന്റെ പേരില്‍ അവ പിരിച്ചുവിടേണ്ടിവരുകയില്ലേ? അങ്ങനെ വന്നാല്‍ രാജ്യത്തിന്റെ ഫെഡറല്‍ സമ്പ്രദായത്തില്‍ ഊന്നിയ ഭരണഘടനാ സംവിധാനത്തിന്റെ കടയ്ക്കല്‍ തന്നെ കത്തിവയ്ക്കുന്ന പരിപാടിയല്ലേ നടപ്പാക്കേണ്ടിവരുക? ചുരുക്കത്തില്‍ പ്രായോഗികതലത്തിലോ ഭരണഘടനാപരമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലോ ന്യായീകരിക്കാന്‍ പ്രയാസമുള്ള അജണ്ടയാണ് പ്രധാനമന്ത്രിയും നിയമ കമ്മീഷനും മുന്നോട്ടുവയ്ക്കുന്നത്.
Next Story

RELATED STORIES

Share it