തിയേറ്ററില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

മലപ്പുറം: എടപ്പാളിലെ തിയേറ്റര്‍ പീഡനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലിസ്. പ്രതി മൊയ്തീന്‍കുട്ടിയെ രക്ഷിക്കാന്‍ പോലിസിലെ ഉന്നതര്‍ ശ്രമിക്കുകയും നിസ്സാരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്ത കാര്യം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ പോലിസ് നിലപാട് മാറ്റുകയും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് വിഷയത്തില്‍ ഇടപെട്ട് യഥാര്‍ഥ വകുപ്പുകള്‍ പ്രതിക്കെതിരേ ചുമത്തുകയും ചെയ്തു.
കഴിഞ്ഞദിവസം പൊന്നാനിയില്‍ സിഐ സണ്ണി ചാക്കോ വാര്‍ത്താസമ്മേളനം നടത്തി കേസിലെ വകുപ്പുകള്‍ പറഞ്ഞപ്പോഴാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട ഗുരുതര വകുപ്പുകള്‍ പോലിസ് ഒഴിവാക്കിയതായി കണ്ടെത്തിയത്. അതോടെ ഡിജിപി നേരിട്ട് വിഷയം പഠിക്കുകയും വാര്‍ത്ത ശരിയാണെന്ന് മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണു പുതിയ നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് മൊയ്തീന്‍കുട്ടിയുടെ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തതായി പറയുന്നത്. ഒന്നാം പ്രതി മൊയ്തീനെതിരേ ബലാല്‍സംഗത്തിനുള്ള വകുപ്പുകളും പോക്‌സോ ആക്റ്റ് പ്രകാരം വകുപ്പ് 5 (1), 5 (എം), 6, 9 (എം), 10 പ്രകാരമുള്ള വകുപ്പുകളും ചുമത്തിയതായാണു വിശദീകരിക്കുന്നത്. രണ്ടാം പ്രതിയായ മാതാവിനെതിരേ പോക്‌സോ നിയമത്തിലെ 16, 17 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പത്രക്കുറിപ്പിലുണ്ട്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എസ്‌ഐക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 166 എ വകുപ്പു പ്രകാരവും പോക്‌സോ നിയമത്തിലെ 21, 19 വകുപ്പ് പ്രകാരവും കേസെടുത്തതായും വിശദീകരണമുണ്ട്. പ്രതിയെ സഹായിക്കാന്‍ പോലിസ് കള്ളക്കളി നടത്തുന്ന കാര്യം വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് പോലിസ് യഥാര്‍ഥ വകുപ്പുകള്‍ ചുമത്താന്‍ നിര്‍ബന്ധിതമായത്.
പോക്‌സോ നിയമത്തിലെ അഞ്ച്(എം) വകുപ്പ് ചുമത്താത്തതിനെതിരേ ആയിരുന്നു പ്രധാന വിമര്‍ശനം. പീഡനത്തിനിരയായ കുട്ടി പ്രതി തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അമര്‍ത്തുകയും ചെയ്തതായി പോലിസിനും ചൈല്‍ഡ് ലൈനിനും മജിസ്‌ട്രേറ്റിനും മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധമായും അഞ്ച് (എം) വകുപ്പ് ചുമത്തേണ്ടതായിരുന്നു. ഇതില്‍ നിന്ന് പോലിസിനെ തടഞ്ഞത് എന്താണെന്ന സംശയമാണ് മാധ്യമങ്ങള്‍ ഉന്നയിച്ചത്. മാധ്യമവാര്‍ത്തകള്‍ക്കു പുറമേ കഴിഞ്ഞ ദിവസം തവനൂരില്‍ യോഗം ചേര്‍ന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളും ഒന്നാം പ്രതിക്കെതിരേ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്തതിനെതിരേ രംഗത്തുവന്നിരുന്നു. ഇവര്‍ ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കു പരാതിയും നല്‍കിയിരുന്നു. ഡിജിപിയുടെ ഇടപെടലാണു കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാന്‍ കാരണം.
കേസില്‍ സസ്‌പെന്‍ഷനിലായ ചങ്ങരംകുളം എസ്‌ഐ കെ ജി ബേബിക്കെതിരെയാണ് പോക്‌സോ വകുപ്പ് ചേര്‍ത്ത് പോലിസ് കേസെടുത്തത്. പീഡനവിവരം അറിഞ്ഞിട്ടും യഥാസമയം നിയമനടപടികള്‍ സ്വീകരിക്കാതിരുന്നതിനാണ് കേസ്. പീഡനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സഹിതം ഏപ്രില്‍ 26ന് എസ്‌ഐക്ക് ചൈല്‍ഡ്‌ലൈന്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതെ എസ്‌ഐ അനാസ്ഥ കാണിക്കുകയായിരുന്നു. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കഴിഞ്ഞ 12നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 18നാണ് തിയേറ്ററില്‍ വച്ച് കുഞ്ഞിനെ പീഡിപ്പിച്ചത്.
Next Story

RELATED STORIES

Share it