തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ, ആന്ധ്ര തീരത്തേക്ക്‌

ന്യൂഡല്‍ഹി: കേരളത്തെ ഭീതിയിലാഴ്ത്തിയ ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് പ്രവേശിച്ചതിനു പിന്നാലെ ഇന്ത്യന്‍ തീരത്തേക്ക് മറ്റൊരു ചുഴലിക്കാറ്റെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ഇന്നു രാവിലെ 5.30ന് തീരം തൊടുമെന്നാണ് റിപോര്‍ട്ടുകള്‍.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര(ഐഎംഡി)ത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഒഡീഷയുടെ തീരദേശത്തുള്ള അഞ്ചു ജില്ലകളില്‍ നിന്ന് രണ്ടു ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ അഞ്ചോടെ കനത്ത മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. അതിതീവ്ര ചുഴലിക്കാറ്റുകളുടെ ഗണത്തിലാണ് തിത്‌ലിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഡീഷയുടെ തെക്കന്‍ തീരത്തും ആന്ധ്രയുടെ വടക്കന്‍ തീരപ്രദേശത്തുമാവും ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക. ഇന്നലെ വൈകുന്നേരത്തോടെ ഒഡീഷയിലെ ഗോപാല്‍പൂരില്‍ നിന്ന് ഏകദേശം 320 കിലോമീറ്ററും ആന്ധ്രയിലെ കലിംഗപട്ടണത്തു നിന്ന് ഏതാണ്ട് 270 കിലോമീറ്ററും അകലെ തിത്‌ലി എത്തിയിരുന്നു.
തീരപ്രദേശത്തോട് ചേര്‍ന്ന ജില്ലകളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.
ഒഡീഷയുടെ തീരദേശ ജില്ലകളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ മുതല്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 110 മുതല്‍ 125 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി ഒഡീഷയിലെ നാലു ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് നിര്‍ദേശം നല്‍കി. അതേസമയം, തിത്‌ലി കേരളത്തെ ബാധിക്കാനിടയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒരേസമയം രണ്ടു ചുഴലിക്കാറ്റുകള്‍ ഉണ്ടായതോടെ കേരളത്തില്‍ തുലാവര്‍ഷത്തിന് അല്‍പം കൂടി കാത്തിരിക്കേണ്ടിവരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

Next Story

RELATED STORIES

Share it