Articles

താളംതെറ്റുന്ന സാമ്പത്തിക സ്ഥിതി

ഡോ.  കെ  വി  വേലായുധന്‍
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നതായും ട്രഷറി നിയന്ത്രണം വേണ്ടിവരുമെന്നും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ജിഎസ്ടി നടപ്പാക്കിയിട്ടും അതിലൂടെ പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണമായി പറയപ്പെടുന്നത്. ധനകാര്യം കൈകാര്യം ചെയ്യാന്‍ ഡോ. തോമസ് ഐസക് ഉണ്ടായിരിക്കുകയും സാമ്പത്തിക ഉപദേശത്തിന് കേരളത്തിനകത്തും പുറത്തുമുള്ളവരെ കൂടാതെ ഇന്ത്യക്ക് പുറത്തുള്ള വിദഗ്ധരും ഉണ്ടായിട്ടും പ്രതിസന്ധി ഉരുണ്ടുകൂടിയെങ്കില്‍ എവിടെയോ തകരാറുണ്ടെന്നു കരുതേണ്ടിവരും.  റവന്യൂ കമ്മി 2001ല്‍ 3147.06 കോടി രൂപയായിരുന്നത് 2016ല്‍ 8199.14 കോടിയായി വര്‍ധിച്ചു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, റവന്യൂ കമ്മി ആഭ്യന്തര മൊത്തവരുമാനത്തിന്റെ 4.51 ശതമാനത്തില്‍ നിന്ന് 1.4 ശതമാനമായി കുറഞ്ഞു. ധനക്കമ്മിയാവട്ടെ, 2001ല്‍ 3877.8 കോടിയായിരുന്നത് 2016ല്‍ 15888.17 കോടിയായി വര്‍ധിച്ചു. ഇതാവട്ടെ, യഥാക്രമം മൊത്തവരുമാനത്തിന്റെ 5.56 ശതമാനവും 2.71 ശതമാനവും ആയിരുന്നു.റവന്യൂ വരുമാനം 2001ല്‍ 8,731 കോടി രൂപ ആയിരുന്നത് 2016 ആയപ്പോള്‍ 67,150 കോടി രൂപയായി വര്‍ധിച്ചു. ഈ കാലയളവില്‍ റവന്യൂ വരുമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 3.72 ശതമാനത്തില്‍ നിന്ന് 15.88 ശതമാനമായി ഉയര്‍ന്നതായും കാണാം. വാണിജ്യനികുതിയാവട്ടെ 4,344 കോടിയില്‍ നിന്ന് 30,735 കോടിയായി വര്‍ധിച്ചു. 2002ലെ റവന്യൂ വരവ് മുന്‍വര്‍ഷത്തേക്കാള്‍ 3.72 ശതമാനം വര്‍ധിച്ചപ്പോള്‍ വാണിജ്യനികുതി വര്‍ധന കേവലം 2.23 ശതമാനം മാത്രമായിരുന്നു. മാത്രമല്ല, റവന്യൂ കമ്മിയും ധനക്കമ്മിയും ഭീമമായി വര്‍ധിക്കുകയും ചെയ്തു. 2012ല്‍ റവന്യൂ വരവിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ നേരിയ വര്‍ധനയുണ്ടായെങ്കിലും വാണിജ്യനികുതിയുടെ വളര്‍ച്ചാനിരക്കില്‍ കുറവുണ്ടാവുകയും റവന്യൂ കമ്മിയുടെയും ധനക്കമ്മിയുടെയും വാര്‍ഷിക വളര്‍ച്ചാനിരക്ക് വന്‍തോതില്‍ ഉയരുകയും ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ 2001നു ശേഷമുണ്ടായ മാറ്റങ്ങളുടെ പൊതുചിത്രം നാം കണ്ടുകഴിഞ്ഞു. നികുതിയിനത്തില്‍ പിരിഞ്ഞുകിട്ടേണ്ട തുകയില്‍ കാലോചിതമായ വര്‍ധന ഉണ്ടായില്ല. എങ്കിലും 2016ല്‍ വലിയ പ്രതിസന്ധിയില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ധനമന്ത്രിക്ക് കഴിഞ്ഞു. 2017ല്‍ സാമ്പത്തികരംഗത്തെ പിടിച്ചുകുലുക്കിയ രണ്ടു സംഭവങ്ങളാണ് നോട്ട് പിന്‍വലിക്കലും ജിഎസ്ടിയും. ഇതു രണ്ടും സംസ്ഥാനത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെയാകെ സാമ്പത്തികരംഗം താറുമാറാക്കി. ജിഎസ്ടി വന്നാല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വന്‍നേട്ടമായിരിക്കുമെന്നു പറഞ്ഞ ധനമന്ത്രി ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തികനില വിശദമാക്കുന്ന ധവളപത്രം പുറത്തിറക്കിയപ്പോള്‍ പുതിയ സര്‍ക്കാര്‍ നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്ന് കരുതി. എന്നാല്‍ 2017-18ലെ ബജറ്റ് രേഖയില്‍ അങ്ങനെ ഒരു മാറ്റവും കാണാന്‍ കഴിഞ്ഞില്ല. പതിവുപോലെ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു. ഇത്തവണ പതിവില്‍ നിന്നു വ്യത്യസ്തമായി, കിഫ്ബിയെക്കുറിച്ചും കിഫ്ബി പ്രോജക്റ്റിനെക്കുറിച്ചുമായിരുന്നു ചര്‍ച്ചയുടെ ഏറിയ ഭാഗവും. നികുതിപ്പണം പിരിക്കുന്നതിനെക്കുറിച്ചോ അതു വിവേകപൂര്‍വം ചെലവാക്കുന്നതിനെക്കുറിച്ചോ കാര്യമായ ചര്‍ച്ചയൊന്നും നടന്നതായി കേട്ടില്ല. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് കിഫ്ബി വഹിക്കാന്‍ പോവുന്ന പങ്കിനെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്കായി 50,000 കോടി രൂപ പിരിക്കുമെന്നും അതോടെ കേരളത്തിന്റെ അടിസ്ഥാനവികസനത്തില്‍ ഇന്നുള്ള എല്ലാ കുറവുകളും പരിഹരിക്കപ്പെടുമെന്നും കിഫ്ബി വക്താക്കള്‍ അവകാശപ്പെടുന്നു. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ധനമന്ത്രി ബജറ്റില്‍ മുന്തിയ പരിഗണനയാണു നല്‍കിയിരിക്കുന്നത്. കിഫ്ബി വഴി മുടക്കാന്‍ പോവുന്ന തുകയില്‍ ഏറിയപങ്കും പൊതുമരാമത്തു പണികള്‍ക്കാണെന്നത് ബജറ്റ് രേഖകളില്‍ നിന്നു വ്യക്തമാവുന്നു. മലയോര, തീരദേശ റോഡുകളുടെ നിര്‍മാണത്തിനായി 10,000 കോടി രൂപയും 182 റോഡുകള്‍ക്കായി 5,628 കോടി രൂപയും 69 പാലങ്ങള്‍ക്കും മേല്‍പാലങ്ങള്‍ക്കുമായി 2,557 കോടിയും കിഫ്ബിയില്‍ വകകൊള്ളിച്ചിരിക്കുന്നു. 50,000 കോടി കിഫ്ബി ഫണ്ട് സ്വരൂപിച്ച് 2030ല്‍ ഒരു ലക്ഷമായി തിരിച്ചടയ്ക്കുമ്പോള്‍ ഇതിന്റെ സാമ്പത്തികബാധ്യത താങ്ങാന്‍ സംസ്ഥാനത്തിനു കഴിയണമെങ്കില്‍ ഈ തുക ലാഭകരമായി മുടക്കേണ്ടതുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്ന പദ്ധതികളില്‍ നിന്ന് അങ്ങനെ ലാഭം പ്രതീക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇതൊരു ബാധ്യതയായി തീരാനിടയുണ്ട്. ഈ വര്‍ഷം കെഎസ്എഫ്ഇ നടത്തുന്ന പ്രവാസി ചിട്ടി വഴി 10,000 കോടി സ്വരൂപിക്കുമെന്ന് ധനമന്ത്രി പറയുന്നു. ഇതു യാഥാര്‍ഥ്യങ്ങളില്‍ നിന്നു വളരെ അകലെയാണെന്നു പറയാതെ തരമില്ല. 10,000 കോടി ഈ വര്‍ഷം ചിട്ടി വഴി പിരിക്കണമെങ്കില്‍ എത്ര കോടിയുടെ ചിട്ടി തുടങ്ങണമെന്ന് മന്ത്രി പരിശോധിച്ചോ എന്തോ. ഇന്നത്തെ സാമ്പത്തികപ്രതിസന്ധി ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്നു കരുതാമെങ്കിലും ഇതിനു ശാശ്വതമായ പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടന്നതായി ബജറ്റ് രേഖകളില്‍ നിന്നു മനസ്സിലാവുന്നില്ല. നികുതിവരുമാനം വര്‍ധിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയതായും വ്യക്തമല്ല. സര്‍ക്കാര്‍ മാറിയെങ്കിലും നികുതിപിരിവില്‍ പഴയ നയം തന്നെ തുടരുന്നുവെന്നു വേണം കരുതാന്‍. എല്ലാം കിഫ്ബി വഴി പരിഹരിക്കാമെന്ന ധാരണ സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നില്ലെങ്കില്‍ പണം പിരിക്കാന്‍ കഴിയുന്ന പല മേഖലകളും സംസ്ഥാനത്തുണ്ട്. ചെലവാക്കുന്നതിലെ മിതത്വം പോലെ പ്രധാനമാണ് നികുതി പിരിച്ചെടുക്കുന്നതിലെ കൃത്യതയും. ജിഎസ്ടി വന്നതോടെ നികുതിപിരിവ് താളംതെറ്റിയിരിക്കുന്നു. ജനങ്ങളില്‍ നിന്നു പിരിക്കുന്ന നികുതി പലപ്പോഴും സര്‍ക്കാരില്‍ എത്തുന്നില്ല. ഇത് എത്തുന്നുവെന്ന് ഉറപ്പാക്കലാണ് സര്‍ക്കാരിന്റെ ഒന്നാമത്തെ ശ്രമകരമായ ജോലി.  കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. ട്രഷറി പ്രവര്‍ത്തനം തടസ്സപ്പെടുമെന്ന നിലയിലാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തന്നെ സാമ്പത്തികനില ഭദ്രമല്ലെന്ന ധാരണയുണ്ടായിരുന്നു. പ്രതിസന്ധിയുടെ കാരണം നോട്ട് പിന്‍വലിക്കലും ജിഎസ്ടിയുമാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. നോട്ട് പിന്‍വലിക്കല്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, ജിഎസ്ടി വഴി കേരളം വന്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നുവെന്ന് മുന്‍കൂട്ടിക്കണ്ടയാളാണ് ധനമന്ത്രി. അതുകൊണ്ടുതന്നെ ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള ഭരണപരമായ താളപ്പിഴകളും മുന്‍കൂട്ടി അറിയേണ്ടിയിരുന്നു. മാറിമാറി വന്ന സര്‍ക്കാരുകളുടെ വിവേകപൂര്‍വമല്ലാത്ത നയങ്ങളാണ് സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം വഷളാക്കിയതെന്നു കാണാം. 2001ല്‍ റവന്യൂ വരുമാനത്തിന്റെ 49.75 ശതമാനമായിരുന്ന വാണിജ്യനികുതി 2016ല്‍ എത്തിയപ്പോള്‍ 45.77 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്നത് വസ്തുതയാണ്. മാത്രമല്ല, 2003ല്‍ വാണിജ്യ നികുതിയുടെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 20.31 ശതമാനമായിരുന്നത് 2016ല്‍ 10.13 ശതമാനമായി കുറഞ്ഞു. ജിഎസ്ടി വരും മുമ്പ് കേരളത്തിലെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസിലോ സാധനങ്ങളുടെ വിലയിലോ സാരമായ കുറവ് പറഞ്ഞറിവില്ല; പലപ്പോഴും മറിച്ചാണ് സംഭവിക്കുന്നതും. ഈ സാഹചര്യത്തില്‍ നികുതിയില്‍ കാര്യമായ വര്‍ധന ഉണ്ടാവേണ്ടതായിരുന്നു. അതുണ്ടായില്ല എന്നതിനര്‍ഥം നികുതിപിരിവില്‍ ചോര്‍ച്ചയുണ്ടായി എന്നതാണ്. ഈ ചോര്‍ച്ച അടയ്ക്കുകയെന്നതാണ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒന്നാമത്തെ മാര്‍ഗം. മറ്റൊന്ന് കിഫ്ബിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. നിലവിലെ ഭരണസംവിധാനത്തിന് പുറത്തുനിന്നുകൊണ്ട് നടപ്പാക്കുന്ന കിഫ്ബി പദ്ധതികള്‍ സര്‍ക്കാരിനും ജനത്തിനും ഭാവിയില്‍ വന്‍ ബാധ്യതയായി മാറാന്‍ പോവുന്നു. അടിസ്ഥാന വികസനത്തിനുവേണ്ടി 50,000 കോടി കടം വാങ്ങി ഒരു ലക്ഷമായി തിരിച്ചടയ്ക്കുമ്പോള്‍ ഇത് താങ്ങേണ്ടിവരുക സംസ്ഥാനമാണ്; അന്തിമമായി നികുതിദായകരും. തല്‍പരകക്ഷികളായ ഒരുപിടി ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ അവരുടെ ചൊല്‍പ്പടിക്കു നിര്‍ത്തി നേട്ടമുണ്ടാക്കാന്‍ ഇടയുണ്ട്.                      ി
Next Story

RELATED STORIES

Share it