thiruvananthapuram local

താലൂക്ക് വിഭജനത്തില്‍ പ്രതിഷേധം; നെയ്യാറ്റിന്‍കരയില്‍ ഇന്നു ഹര്‍ത്താല്‍

നെയ്യാറ്റിന്‍കര:  നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്  ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നെയ്യാറ്റിന്‍കര താലൂക്ക് മേഖലയിലാണ് ഹര്‍ത്താല്‍. താലൂക്കിനെ തിരുവനന്തപുരം ഡിവിഷനില്‍ നിലനിറുത്തണമെന്ന് ആവശ്യപ്പെടുന്ന സംഘടനകള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു.  അന്തര്‍സംസ്ഥാന സര്‍വീസുകള്‍ തടയില്ല. നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ എത്താവുന്നത് തിരുവനന്തപുരത്താണെന്ന് ഏവര്‍ക്കും അറിയാമെന്നിരിക്കെ ഈ താലൂക്കിനെ നെടുമങ്ങാട് ആര്‍ഡിഒക്ക് കീഴിലാക്കിയത് ദുഷ്ടലാക്കോടെയാണെന്ന് നേതാക്കള്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര ആസ്ഥാനമായി റവന്യൂ ഡിവിഷന്‍ അനുവദിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റപ്പെടാതെയിരിക്കേയാണ് ജനങ്ങളെ ശിക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്കിനെ നെടുമങ്ങാട് ആര്‍ഡിഒക്ക് കീഴിലാക്കിയ സര്‍ക്കാര്‍ തീരുമാനം എത്രയും വേഗം പിന്‍വലിക്കാന്‍ തയ്യാറാകണം. ഏപ്രില്‍ 30ന് നടന്ന റവന്യൂ ഡിവിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ നിന്നുള്ള എംഎല്‍എമാര്‍ വിട്ടുനിന്നത് ഈ നിലപാടിനോട് ശക്തമായ ജനകീയപിന്‍തുണ ഉള്ളതുകൊണ്ടാണെന്ന് വ്യക്തമാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ നിരന്തര സമരം നടത്തിയ നെയ്യാറ്റിന്‍കര പാറശ്ശാല എംഎല്‍എമാര്‍ നെയ്യാറ്റിന്‍കരയിലെ ജനതയുടെ വികാരം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. ഇടതു എംഎല്‍എമാര്‍ ഈ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it