kozhikode local

താലൂക്ക് വികസനസമിതി യോഗത്തില്‍ നിന്ന് എംഎല്‍എ ഇറങ്ങിപ്പോയി

വടകര: നിര്‍ദിഷ്ട അഴിയൂര്‍മാഹി ബൈപ്പാസില്‍ സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെ വീടുകളില്‍ കയറി റവന്യൂ ഉദ്യോഗസ്ഥ സംഘം ഭീഷണി പെടുത്തിയ സംഭവത്തില്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ വ്യാപക പ്രതിഷേധം. യോഗം ആരംഭിച്ചയുടന്‍ സി കെ നാണു എംഎല്‍എ യുടെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് കര്‍മ്മസമിതി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പരാതി കേള്‍ക്കാന്‍ തയ്യാറാകാതെ എംഎല്‍എ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
വെള്ളിയാഴ്ച അഞ്ചു മണിയോടെയാണ് ദേശീയപാത ലെയ്‌സണ്‍ ഓഫിസര്‍ പി മോഹനന്‍പിള്ള, ഡെപ്യൂട്ടി കലക്റ്റര്‍ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം അഴിയൂര്‍ ബൈപ്പാസില്‍ സ്ഥലം നഷ്ടപ്പെടുന്നവരുടെ വീടുകളില്‍ കയറി ഭീഷണി മുഴക്കിയത്. തിങ്കളാഴ്ചയോടെ വീട് ഒഴിഞ്ഞു പോകണമെന്നാണ് ഭീഷണി.
ഉദ്യോഗസ്ഥ സംഘം ഭീഷണിപ്പെടുത്തി നടപടിക്കെതിരേ ഇന്നലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തി ല്‍ സമിതി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഭീഷണിക്ക് പകരം ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
മാര്‍ക്കറ്റ് വിലയും നഷ്ടപരിഹാരവും പ്രഖ്യാപിക്കാതെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍മ്മ സമിതി നേതാക്കള്‍ യോഗത്തെ അറിയിച്ചു. ഭീഷണിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് തഹസില്‍ദാര്‍ പി കെ സതീഷ്‌കുമാര്‍ പറഞ്ഞു.
കനത്ത മഴയിലും ഇടിമിന്നലിലും വീട് തകര്‍ന്നവര്‍ക്കും, കൃഷി നാശം സംഭവിച്ചവര്‍ക്കും അടിയന്തിര ധനസഹായം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. കല്ലാച്ചി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ബസ് സ്‌റ്റോപ്പ് അനുവദിക്കാന്‍ തീരുമാനിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വടകര വിദ്യാഭ്യാസ ജില്ലാഅധികൃതരെ യോഗം അഭിനന്ദിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ടി കെ രാജന്‍ അധ്യക്ഷനായി. എ ടി ശ്രീധരന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വളപ്പില്‍ കുഞ്ഞമ്മദ്(തൂണേരി), ഒ സി വിജയന്‍ (വാണിമേല്‍), കെ കെ മോഹനന്‍(വില്യാപ്പള്ളി), നഗരസഭാ വൈസ് ചെയര്‍മാന്‍ പി ഗീത, സമിതി അംഗങ്ങളായ പി എം അശോകന്‍, പി സുരേഷ്ബാബു, പ്രദീപ് ചോമ്പാല, കളത്തില്‍ ബാബു, ടി വി ഗംഗാധരന്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it