kasaragod local

താലൂക്ക് ഓഫിസില്‍ റവന്യൂമന്ത്രിയുടെ മിന്നല്‍ പരിശോധന

കാസര്‍കോട്്: റീസര്‍വേയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് റവന്യൂ മന്ത്രി കാസര്‍കോട് താലൂക്ക് ഓഫിസില്‍ മിന്നല്‍ പരിശോധന നടത്തി. ഇന്നലെ രാവിലെ 11ഓടെയാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജില്ലാ കലക്്ടര്‍ കെ ജീവന്‍ബാബു, എഡിഎം എന്‍ ദേവീദാസ് എന്നിവരോടൊപ്പം താലൂക്ക് ഓഫിസിലെത്തിയത്. 70 ജീവനക്കാര്‍ ജോലിചെയ്യുന്ന താലൂക്ക് ഓഫിസില്‍ ഇന്നലെ 36 പേര്‍ മാത്രമാണ് ഹാജരുണ്ടായിരുന്നത്. തഹസില്‍ദാര്‍ നാരായണന്‍ അവധിയിലായിരുന്നു. മറ്റൊരു തഹസില്‍ദാര്‍ ചാക്കോക്കായിരുന്നു ചുമതല. താലൂക്ക് സര്‍വേ ഓഫിസ് 11 മണി കഴിഞ്ഞിട്ടും അടച്ചിട്ട നിലയിലായിരുന്നു. ഭൂ സംബന്ധമായ കാര്യങ്ങള്‍ക്ക് താലൂക്ക് ഓഫിസിലെത്തുന്നവരെ നിരന്തരം വട്ടംകറക്കുന്നുവെന്നും റീസര്‍വേയില്‍ പലരുടേയും സ്ഥലങ്ങള്‍ നഷ്ടപ്പെട്ടുവെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. കൊല്ലം സ്വദേശിയായ കാസര്‍കോട്ട് താമസിക്കുന്ന എസ് സുരേന്ദ്രന്‍ 20 വര്‍ഷം മുമ്പ് മായിപ്പാടി വില്ലേജിലെ മായിപ്പാടിയില്‍ 20 സെന്റ് സ്ഥലം വീട് വെക്കാനായി വിലക്ക് വാങ്ങിയിരുന്നു. എന്നാല്‍ ബാങ്ക് അധികൃതര്‍ വായ്പ അനുവദിക്കാത്തതിനെ തുടര്‍ന്ന് സ്ഥലം തരിശായികിടന്നു. എന്നാല്‍ ഇതിനിടയില്‍ സ്വകാര്യ വ്യക്തി സ്ഥലത്തിന് കല്ലുവെച്ച് മതില്‍ കെട്ടാനുള്ള നീക്കം നടത്തിയപ്പോള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിപ്പെട്ടിട്ടും റവന്യൂ അധികൃതര്‍ വട്ടം കറക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രിക്ക് പരാതി നല്‍കി. താലൂക്ക് സര്‍വേ ഓഫിസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ഇന്നലെ ഉച്ചയോടെ രേഖകളുമായി കലക്്ടറേറ്റില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മന്ത്രിക്ക് പരാതി നല്‍കിയ വിരോധത്തില്‍ ഫയല്‍ മടക്കിയെന്നും താങ്കള്‍ക്ക് മന്ത്രിയോട് തന്നെ പരാതിപറഞ്ഞ് പ്രശ്‌നം പരിഹരിക്കാമെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ നിലപാട്. ഇതോടെയാണ് വീണ്ടും മന്ത്രിക്ക് പരാതി നല്‍കിയത്. താലൂക്ക് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരുടെ സ്ഥലങ്ങള്‍ റീസര്‍വേയില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. റീസര്‍വേക്കായി 50 ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കുമെന്നും സ്വകാര്യ ഏജന്‍സികള്‍ക്ക് റീസര്‍വേയുടെ പ്രവര്‍ത്തനം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it