kozhikode local

താലൂക്ക് ആശുപത്രി ഏപ്രിലില്‍പ്രവര്‍ത്തിച്ച് തുടങ്ങും: മന്ത്രി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ ബഹുനില കെട്ടിടം ഏപ്രില്‍ മാസത്തോടെ ഭാഗികമായി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഇടവേളയില്‍ ആശുപത്രി സന്ദര്‍ശിക്കുകകയായിരുന്നു മന്ത്രി. കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം അനിശ്ചിതാവസ്ഥയിലായിരുന്നു. മുഴുവന്‍ കെട്ടിടവും പ്രവര്‍ത്തനസജ്ജമാകണമെങ്കില്‍ ആവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് മന്ത്രി എംഎല്‍എയോടും സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു. നിലവില്‍ ആശുപത്രി കെട്ടിടത്തിന് ‘റാംപ്’ ഇല്ലാത്തതു മുഴുവന്‍ കെട്ടിടവും പ്രവര്‍ത്തനസജ്ജമാക്കാന്‍ തടസ്സമാണെന്ന് മന്ത്രി സൂചിപ്പിച്ചു. ആശുപത്രി കെട്ടിടം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനിശ്ചിതകാല സത്യാഗ്രഹം നടത്തിയിരുന്നു. എംഎല്‍എയും നഗരസഭാ ചെയര്‍മാനും വിളിച്ചുചേര്‍ത്ത യോഗത്തില്‍ മാര്‍ച്ചില്‍ തുറന്നുകൊടുക്കാമെന്നായിരുന്നു പ്രഖ്യാപനം.  താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയോഗിക്കണമെന്നും ഡ്യുട്ടി സമയം കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആശുപത്രി സൂപ്രണ്ട് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സൂചിപ്പിച്ചു. ആശുപത്രി സന്ദര്‍ശന സമയത്ത് കാഷ്വാലിറ്റിയില്‍ ഡോക്ടര്‍മാരുടെ അഭാവത്തെക്കുറിച്ച് എംഎല്‍എ പറഞ്ഞപ്പോഴാണ് മന്ത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയത്. പലപ്പോഴും കാഷ്വാലിറ്റിയില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടാകാറ്. ഇത് രോഗികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കാറുണ്ട്.
Next Story

RELATED STORIES

Share it