Kottayam Local

താലൂക്കിന്റെ വിവിധ പ്രദേശങ്ങള്‍ ജലക്ഷാമത്തിലേക്ക്

ചങ്ങനാശ്ശേരി: ചൂടു കനത്തു തുടങ്ങുകയും ഭൂഗര്‍ഭ ജലനിരപ്പു ക്രമാതീതമായി താഴാനും തുടങ്ങിയതോടെ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ ശുദ്ധജലക്ഷാമത്തിലേയ്ക്ക്. മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി പഞ്ചായത്തുകളിലാണ് കുടിവെള്ള ക്ഷാമം ആരംഭിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ കിണറുകളിലും തോടുകളിലും വന്‍തോതില്‍ ജലനിരപ്പു താഴ്ന്നു തുടങ്ങിയത് കൃഷിയെയും സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവയൊന്നും വേണ്ടത്ര പ്രയോജനപ്പെട്ടിട്ടില്ലെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്.ഇതിനാല്‍ ടാങ്കര്‍ ലോറികളിലും കന്നാസുകളിലുമായി ശുദ്ധജലമെന്ന പേരില്‍ എത്തിക്കുന്ന വെള്ളം വിലകൊടുത്തുവാങ്ങേണ്ട അവസ്ഥയാണ്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പല ഭാഗത്തും പൊട്ടി ശുദ്ധജലം പാഴാകുന്നതും പതിവായിട്ടുണ്ട്. താലൂക്കിന്റെ പല ഭാഗത്തും അനധികൃത മണ്ണെടുപ്പു നടക്കുന്നതും ജലസ്രോതസ്സുകള്‍ വറ്റിവരളാന്‍ കാരണമായി. പൊതുകുളങ്ങളും വഴിയോര കിണറുകളുമെല്ലാം സംരക്ഷിച്ചു ജലസ്രോതസ്സ് സംരക്ഷിക്കുമെന്നു പഞ്ചായത്തുകളും നഗരസഭയും പറയാന്‍ തുടങ്ങിയിട്ടു നാളേറെയായെങ്കിലും ചില പദ്ധതികള്‍ തുടങ്ങിയതൊഴിച്ചാല്‍ അതൊന്നും വേണ്ടത്ര വിജയിച്ചില്ല. എന്നാല്‍ വേനല്‍ച്ചൂട് ശക്തിപ്രാപിക്കുന്നതിനു മുമ്പേ തന്നെ കുടിവെള്ള ക്ഷാമം ആരംഭിച്ചതു ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിട്ടുണ്ട്. പ്രശ്‌നം രൂക്ഷമാവുന്നതിനു മുമ്പുതന്നെ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.
Next Story

RELATED STORIES

Share it