World

താലിബാന്‍ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: ഈദിനോടനുബന്ധിച്ചുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിനു  പിന്നാലെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 30 അഫ്ഗാന്‍ സൈനികരടക്കം 45 പേര്‍ കൊല്ലപ്പെട്ടു.
പടിഞ്ഞാറന്‍ അഫ്ഗാനിലെ ബാദ്ഖിസ് പ്രവിശ്യയിലാണ് ബുധനാഴ്ച താലിബാന്‍ ആക്രമണം നടത്തിയത്. ഈദിനോടനുബന്ധിച്ച് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ 10 ദിവസത്തേക്കു കൂടി നീട്ടാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി തീരുമാനിച്ചിരുന്നെങ്കിലും താലിബാന്‍ അംഗീകരിച്ചിരുന്നില്ല. ആക്രമണത്തിനു ശേഷം താലിബാന്‍ പ്രതികരി—ച്ചിട്ടില്ല. ബാദ്ഖിസ് പ്രവിശ്യയിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ആക്രമണ—മെന്നും പ്രവിശ്യാ മേധാവി അബ്ദുല്‍ അസീസ് ബെക് അറിയിച്ചു. ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടതായും സൈനികത്താവളം താലിബാന്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. അപ്രതീക്ഷിതമായി വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരച്ചെത്തിയ താലിബാന്‍ സംഘം സൈനികത്താവളത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ 15 താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം അറിയിച്ചു. സുരക്ഷാ പോസ്റ്റുകള്‍ക്കു നേരെ വിവിധയിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലും നാലു സൈനികര്‍ കൊല്ലപ്പെട്ടതായി ബാദ്ഖിസ് പോലിസ് അറിയിച്ചു.
ഈദിനോടനുബന്ധിച്ച് അഫ്ഗാന്‍ സര്‍ക്കാരും താലിബാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.
സൈന്യവും താലിബാനും തമ്മില്‍ ഈദ് ആഘോഷത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ 30ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. താലിബാന്‍ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ഇതിനുപിന്നാലെയാണ് താലിബാന്‍ വെടിനിര്‍ത്തല്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചതും സൈന്യത്തിനു നേരെ ആക്രമണം നടത്തിയതും.
Next Story

RELATED STORIES

Share it