താരസംഘടനയ്ക്കുള്ളില്‍ തമ്മിലടി

കൊച്ചി: വുമണ്‍ ഇന്‍ കലക്റ്റീവ് അംഗങ്ങള്‍ക്കെതിരേ നടന്‍ സിദ്ദീഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തെ ചൊല്ലി താരസംഘടനയായ “അമ്മയ്ക്കുള്ളില്‍ പൊട്ടിത്തെറി. വാര്‍ത്താ സമ്മേളനത്തിനിടെ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ച് സിദ്ദീഖ് സംസാരിച്ചതിനെയും ചോദ്യംചെയ്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ അംഗങ്ങളായ ബാബുരാജും ജഗദീഷും രംഗത്തു വന്നതോടെയാണു ഭിന്നിപ്പ് രൂക്ഷമായത്.
സംഘടനയുടെ ഔദേ്യാഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇരുവരും അയച്ച ശബ്ദ സന്ദേശമാണു മാധ്യമങ്ങള്‍ പുറത്തുവിട്ടത്. പ്രസിഡന്റ് മോഹന്‍ലാല്‍ അറിയാതെയാണു സിദ്ദീഖ് വാര്‍ത്താ സമ്മേളനം നടത്തിയതെന്ന സൂചനകളാണു പുറത്തുവരുന്നത്. സിദ്ദീഖിന്റെയും ജഗദീഷിന്റെയും പ്രതികരണങ്ങള്‍ സംഘടനയ്ക്കു ദുഷ്‌പേരുണ്ടാക്കിയെന്ന തരത്തിലാണു മറ്റ് താരങ്ങളും പ്രതികരിച്ചതെന്നാണു സൂചന. സിദ്ദീഖ് കെപിഎസി ലളിതയെ കൂട്ടുപിടിച്ച് വ്യക്തിതാല്‍പര്യം സംരക്ഷിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഇതിനിടെ സംഭവം ചര്‍ച്ച ചെയ്യാന്‍ 19ന് “അമ്മ’ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചതായും റിപോര്‍ട്ടുണ്ട്. ഇതിനും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
താരസംഘടനയ്ക്കുള്ളില്‍ ഭീഷണിയുടെ സ്വരങ്ങള്‍ വിലപ്പോവിലെന്ന മുന്നറിയിപ്പാണ് ജഗദീഷ് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ നല്‍കിയത്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യം വേണം.അതേസമയം ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ ഒറ്റപ്പെടുത്തുമെന്നു പറയുന്ന ഗുണ്ടായിസം അനുവദിക്കില്ല. “അമ്മയില്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതു പ്രസിഡന്റാണ്. പക്വതയാര്‍ന്ന തീരുമാനം പ്രസിഡന്റ് കൈക്കൊള്ളുമ്പോള്‍ പിന്തുണ നല്‍കുകയാണ് മറ്റ് അംഗങ്ങള്‍ ചെയ്യേണ്ടത്. ക്ഷമ നശിക്കുന്ന അവസ്ഥയിലെത്തിയാല്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിളിച്ചുപറയാന്‍ മടിക്കില്ല. എല്ലാവരുടെയും ചരിത്രം കൈയിലുണ്ടെന്നും ജഗദീഷ് ഓര്‍മിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം സിദ്ദീഖ് നടത്തിയ വാര്‍ത്താ സമ്മേളനം ആരുടെ അറിവോടെയാണെന്ന് വ്യക്തമാക്കണമെന്ന് നടന്‍ ബാബുരാജ് ആവശ്യപ്പെടുന്നുണ്ട്. ദിലീപ് വിഷയത്തില്‍ രണ്ട് അഭിപ്രായത്തിലേക്കു പോവേണ്ട കാര്യമില്ല. സൂപ്പര്‍ബോഡി തീരുമാനമെടുത്ത് മുന്നോട്ടുപോവാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതു നടക്കില്ല. സിദ്ദീഖിന്റെ വാര്‍ത്താ സമ്മേളനം തെറ്റിദ്ധാരണയുണ്ടാക്കുന്നു. തമിഴ്പത്രങ്ങളിലെല്ലാം ദിലീപിനെ മോഹന്‍ലാല്‍ സംരക്ഷിക്കുന്നെന്ന രീതിയിലാണു വാര്‍ത്ത വന്നത്. കെപിഎസി ലളിതയെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതെന്തിനാണെന്നും ബാബുരാജ് ചോദിക്കുന്നു. ജഗദീഷിനും ബാബുരാജിനും പിന്നാലെ കൂടുതല്‍ എതിര്‍ശബ്ദങ്ങള്‍ വന്നു തുടങ്ങിയാല്‍ താരസംഘടന വീണ്ടും സമ്മര്‍ദ്ദത്തിലാവും.

Next Story

RELATED STORIES

Share it