kozhikode local

താമരശ്ശേരിയില്‍ 10 പേര്‍ കസ്റ്റഡിയില്‍; മലയോരമേഖലയില്‍ ഒറ്റപ്പെട്ട അക്രമം

താമരശ്ശേരി: കാശ്മീരി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സാമൂഹിക മാധ്യമ കൂട്ടായ്മ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മലയോര മേഖലയില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുകയും റോഡില്‍ തീയിടുകയും ചെയ്ത 10 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഇവരില്‍ തച്ചംപൊയില്‍ ഇരൂള്‍ കുന്നുമ്മല്‍ ഷാനു റബില്‍ (21), മുഹമ്മദ് അസറുദ്ധീന്‍(21), ഹര്‍ഷാദ് പുത്തന്‍ തെരുവില്‍(19), ഒറ്റപ്പിലാക്കില്‍ സുബൈര്‍ (34), കുന്നുംപുറം റമീസ് (23), കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മല്‍ മുഹമ്മദലി(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനു പുറമെ കണ്ടാലറിയാവുന്ന 95 ഓളം പേര്‍ക്കെതിരെ പോലിസ് കേസ് എടുത്തു. കൊടുവള്ളി, വാവാട്, പരപ്പന്‍ പൊയില്‍ താഴെ പരപ്പന്‍പൊയില്‍, താമരശ്ശേരി, പള്ളിപ്പുറം, കുടുക്കിലുമ്മാരം, ഓടക്കുന്ന്്, കൂടത്തായി, മൈക്കാവ്, വാടിക്കല്‍ കത്തറമ്മല്‍, തച്ചംപൊയില്‍ പൂനൂര്‍, പുതുപ്പാടി ഈങ്ങാപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് ഹര്‍ത്താലനുകൂലികള്‍ റോഡില്‍ തടസ്സം സൃഷ്ടിച്ചത്. ദേശീയ പാതയില്‍ വാവാട് റോഡില്‍ തീയിട്ട  ഹര്‍ത്താല്‍ അനുകൂലികളെ ലാത്തി ചാര്‍ജ് ചെയ്താണ് പിരിച്ചു വിട്ടത്. താഴെ പരപ്പന്‍പൊയില്‍ പെട്രോള്‍ പമ്പിനു സമീപം തീയിട്ടതിനെ തുടര്‍ന്ന് ഗ്രനേഡ് ഉപയോഗിച്ചു. ഇവിടെ താമരശ്ശേരി ഡിവൈഎസ്പി പി സി സജീവനെ തടയാന്‍ ശ്രമിക്കുകയും വാഹനത്തിനു നേരെ കല്ലേറുണ്ടാവുകയും ചെയ്തു.
പുതുപ്പാടി മലോറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ യാത്രക്കാരനായ അത്തോളി അന്നശ്ശേരി ജാബിറിനേയും കുടംബത്തേയും തടയുകയും കാര്‍ തകര്‍ക്കുകയും ചെയ്തു. ഇവരുടെ മൊബൈല്‍ ഫോണില്‍ റോഡ് തടയുന്നത് ചിത്ര മെടുത്തതാണ് പ്രശ്‌നമായത്. ഭീഷണിപ്പെടുത്തി ഫോട്ടോ നശിപ്പിച്ചു. കുടുക്കിലുമ്മാരത്ത് റോഡ് തടഞ്ഞവരെ പോലിസ് നീക്കം ചെയ്തുവെങ്കിലും വീണ്ടും സംഘടിച്ചെത്തി റോഡില്‍ തീയിട്ടു. വാവാട് പോലിസിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് കൊടുവള്ളി സ്റ്റേഷനിലെ സിപിഒ അനൂപിന് പരിക്കേറ്റു.
ഇയാളെ താമരശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹര്‍ത്താല്‍സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനമില്ലാത്തതിനാല്‍ പലരും പതിവുപോലെ യാത്ര പുറപ്പെട്ടിരുന്നു. എന്നാല്‍ പുലര്‍ച്ചെ മുതല്‍ ഹര്‍ത്താലനുകൂലികള്‍ റോഡിലിറങ്ങുകയും യാത്രക്കാരെ തടയുകയും ചെയ്തു. കൊടുവള്ളിയില്‍ നൂറോളം പേര്‍ക്കെതിരേ പോലിസ് കേസ് എടുത്തു.
Next Story

RELATED STORIES

Share it