malappuram local

താനൂര്‍ ഹാര്‍ബര്‍ നിര്‍മാണം തടസ്സപ്പെടുത്താന്‍ ഗൂഢാലോചന: എംഎല്‍എ

താനൂര്‍: താനൂര്‍ മല്‍സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ പ്രവൃത്തികള്‍ തടസപ്പെടുത്തുന്നതിന്റെ പിന്നില്‍ സാമൂഹ്യവിരുദ്ധരുടെ ഗൂഢാലോചനയെന്ന് താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്‍ പത്രകുറിപ്പിലൂടെ ആരോപിച്ചു. മല്‍സ്യ്യതൊഴിലാളികളുടെ സുരക്ഷക്കും, സുഗമവും ലാഭകരവുമായ രീതിയില്‍ മല്‍സ്യബന്ധനം മുന്നോട്ടുകൊണ്ടുപോകാനുമാണ് ഹാര്‍ബര്‍ നിര്‍മിക്കുന്നത്. ഇതറിയാവുന്ന തൊഴിലാളികള്‍ ഹാര്‍ബര്‍ നിര്‍മാണം തടസപ്പെടുത്തില്ല എന്നിരിക്കെ ഏതാനും ചിലര്‍ അനാവശ്യ തടസമുന്നയിക്കുന്നത് യോജിക്കാനാവാത്ത പ്രവൃത്തിയാണ്. നാടിന്റെ വികസനത്തിനെതിരെ മുഖംതിരിഞ്ഞ് നില്‍ക്കുന്ന സാമൂഹ്യവിരുദ്ധരാണ് പ്രവൃത്തികള്‍ തടസപ്പെടുത്തുന്നത്. മല്‍സ്യ്യതൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ കഴിയുമെന്നത് ഇതിന് വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ വിശദീകരിച്ചതാണ്.ഹാര്‍ബര്‍ നിര്‍മാണം ത്വരിതപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കാനായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ താനൂര്‍ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തിരൂര്‍ ആര്‍ഡിഒ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മല്‍സ്യതൊഴിലാളി പ്രതിനിധികളും ജനപ്രതിനിധികളും കച്ചവടക്കാരും പങ്കെടുത്തിരുന്നു. അന്ന് യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിര്‍മാണ പ്രവൃത്തികള്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടു. തടസം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ഡിഒ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ്  ചിലര്‍ പെരുമാറുന്നത്.ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാവശ്യമായ 36 കോടി രൂപ കൂടി ഈ വര്‍ഷത്തെ ബ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. താനൂര്‍ ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it