malappuram local

താനൂര്‍ സിഎച്ച്‌സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നു



താനൂര്‍: സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുന്ന നടപടിയുമായി ബന്ധപ്പെട്ട ഫയലില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഒപ്പുവെച്ചു. ഒരാഴ്ചക്കകം ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങും. 2009ല്‍ തിരൂര്‍ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതോടെ തിരൂര്‍ താലൂക്കില്‍ താലൂക്ക് ആശുപത്രി പദവിയില്‍ മറ്റൊരു സ്ഥാപനമില്ലായിരുന്നു. താനൂര്‍ സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന അന്നുമുതലുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമായത്. ഇതുമായി ബന്ധപ്പെട്ട ഈ വര്‍ഷത്തെ ആദ്യ സഭാസമ്മേളനത്തില്‍ താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്‍ ഉന്നയിച്ച സബ്മിഷന്റെ മറുപടിയില്‍ താനൂരില്‍ താലൂക്ക് ആശുപത്രി അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. താലൂക്ക് ആശുപത്രിയായി  ഉയരുന്നതോടെ താനൂരിലെ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. താലൂക്ക് ആശുപത്രിക്ക് നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും അംഗീകരിച്ചുകൊണ്ടാണ് ഉത്തരവിറങ്ങുന്നത് എന്നതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ജീവനക്കാരും ലാബുകളും പ്രസവ വാര്‍ഡുകളടക്കമുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രിയിലൊരുക്കാന്‍ കഴിയും. കിടത്തിചികില്‍സക്കായി ഒരു പുതിയ വാര്‍ഡ് നിര്‍മിക്കാനുള്ള നടപടികള്‍ തീരദേശ വികസന കോര്‍പറേഷന്‍ ഇതിനകംതന്നെ ആരംഭിച്ചിട്ടുണ്ട്. ഒഴൂര്‍ പ്രാഥമികആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇതിനായി കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. താനാളൂരില്‍ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കാന്‍ നടപടികളായിട്ടുണ്ട്. താനൂര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയരുന്നതോടെ ഡയാലിസിസ് കേന്ദ്രം തുടങ്ങാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ആശുപത്രിയുടെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കുമെന്നും വി അബ്ദുറഹിമാന്‍ എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it