താജ്മഹല്‍ സംരക്ഷണം: പുരാവസ്തു വകുപ്പിന് രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: താജ്മഹലിനെ തനിമയോടെ സംരക്ഷിക്കുന്നതിനു മതിയായ നടപടികള്‍ എടുക്കാത്ത ഇന്ത്യന്‍ പുരവസ്തു വകുപ്പിനു സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. താജ്മഹലിനെ കീടങ്ങളും ഫംഗസും പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്ന് ആശങ്ക പ്രകടിപ്പിച്ച കോടതി, ആര്‍ക്കിയോളജിക്കല്‍ സര്‍വേ താജിന്റെ സംരക്ഷണത്തിനായി എന്തു നടപടികളാണു സ്വീകരിച്ചിരിക്കുന്നതെന്ന് ആരാഞ്ഞു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തങ്ങളുടെ ജോലികള്‍ കൃത്യമായി ചെയ്തിരുന്നെങ്കില്‍ താജ്മഹലിന് ഈ ഗതി ഉണ്ടാകുമായിരുന്നില്ലെന്നും കോടതി പറഞ്ഞു. പുരാവസ്തു വകുപ്പ് തങ്ങളെ സ്വയം ന്യായീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കോടതിയെ അദ്ഭുതപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ പുരവസ്തു വകുപ്പിന്റെ ആവശ്യമുണ്ടോ എന്നുതന്നെ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കണമെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവര്‍ പറഞ്ഞു.
താജ്മഹലിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി സുപ്രിംകോടതി നിര്‍ദേശ പ്രകാരം അന്താരാഷ്ട്ര വിദഗ്ധരെ ഏല്‍പ്പിക്കുന്നതു സംബന്ധിച്ചു കേന്ദ്രം വനം, പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എ എന്‍ എസ് നന്ദ്കര്‍ണി പറഞ്ഞു.
യമുനയിലെ ജലം വറ്റിയതു മൂലവും നദിയിലെ മലിനീകരണം മൂലവുമാണ് താജ്മഹലിന് ഫംഗസ് ബാധ ഉണ്ടാവുന്നതെന്നാണ് പുരാവസ്തു വകുപ്പിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it