Kollam Local

താംബരം-കൊല്ലം എക്‌സ്പ്രസ്സ് തീവണ്ടിക്ക് കുണ്ടറയില്‍ സ്റ്റോപ്പ്‌

കൊല്ലം:താംബരം-കൊല്ലം എക്‌സ്പ്രസ്സ് തീവണ്ടിക്ക് കുണ്ടറ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. പുതിയതായി അനുവദിച്ച കുണ്ടറ സ്റ്റോപ്പോടുകൂടി താംബരം-കൊല്ലം എക്‌സ്പ്രസ്സ് ഏപ്രില്‍ ഒന്‍പതാം തിയ്യതി മുതല്‍ സ്‌പെഷ്യല്‍ ട്രെയിനായി സര്‍വ്വീസ് ആരംഭിക്കുന്നതാണ്. ആഴ്ചയില്‍ രണ്ട് ദിവസം സര്‍വ്വീസ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ മാസം പത്താം തിയ്യതി പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ കമ്മിഷനിങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേന്ദ്രമന്ത്രിമാരുടെ അസൗകര്യം കാരണം ഔദ്യോഗിക ഉദ്ഘാടന തീയതി നീട്ടിവയ്‌ക്കേണ്ടി വരുമെന്ന് കേന്ദ്ര റയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹൈന്‍ അറിയിച്ചതായും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ന്യൂഡല്‍ഹി റെയില്‍വേ ഭവനില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (കോച്ചിങ്ങ്) എന്നിവരുമായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി നടത്തിയ കൂടിക്കാഴ്ചയ്ക്കും ദക്ഷിണ റെയില്‍വേ ഓപ്പറേഷന്‍സ് ചീഫ് മാനേജര്‍ അനന്തരാമനുമായും നടന്ന ചര്‍ച്ചയ്ക്കും ശേഷമാണ് തീരുമാനമുണ്ടായത്. ഒഴിവുകാലം കണക്കിലെടുത്ത് തീവണ്ടി ഏപ്രില്‍ മാസം 9, 11, 16, 18, 23, 25, 30 തീയതികളിലും മെയ് മാസം 7, 9, 14, 16, 21, 23, 28, 30 തിയ്യതികളിലും, ജൂണ്‍ മാസം 4, 6, 11, 13, 18, 20, 25, 27 തീയതികളിലും താംബരത്ത് നിന്ന് സ്‌പെഷ്യല്‍ ട്രെയിനായി ഓടിക്കുന്നതിനും റിസര്‍വ്വേഷന്‍  ആരംഭിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. മേല്‍പറഞ്ഞ തിയ്യതികളില്‍ താംബരത്ത് നിന്നും കൊല്ലത്തേക്കും തൊട്ടടുത്ത ദിവസങ്ങളില്‍ കൊല്ലത്ത് നിന്നും താംബരത്തേക്കും സീറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്. ചെങ്കോട്ട, ഭഗവതിപുരം, തെന്മല, ഇടമണ്‍, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നീ സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാവും. ഔദ്യോഗികമായ ഉദ്ഘാടനത്തിനു ശേഷം സ്‌പെഷ്യല്‍ ട്രെയിന്‍ സംവിധാനത്തിന് മാറ്റം വരികയും ട്രെയിനിന്റ സമയക്രമത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുള്ളതായും എന്‍കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.
Next Story

RELATED STORIES

Share it