തവനൂര്‍ വൃദ്ധമന്ദിരത്തില്‍ കൂട്ടമരണം

എടപ്പാള്‍: സാമൂഹിക ക്ഷേമവകുപ്പിനു കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന വൃദ്ധമന്ദിരത്തില്‍ കൂട്ടമരണം. അധികൃതരെ അറിയിക്കാതെ ധൃതിപിടിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ഞായറാഴ്ച പകലും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നാലു പേരാണ് ഇവിടെ മരണപ്പെട്ടത്. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹങ്ങള്‍ ധൃതിപിടിച്ച് സംസ്‌കരിക്കാന്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ശ്രമമാണ് നാട്ടുകാരുടെ ഇടപെടല്‍ മൂലം നടക്കാതെ പോയത്.
കാലടി കാടഞ്ചേരി വാരിയത്ത് വളപ്പില്‍ ശ്രീദേവി അമ്മ (84), ചാലിശ്ശേരി പെരമണ്ണൂര്‍ മാടത്തിപ്പറമ്പില്‍ കാളി (74), തേഞ്ഞിപ്പലം ശ്രീനിലയത്തില്‍ കൃഷ്ണബോസ് (74), മാങ്ങാട്ടൂര്‍ കടവത്ത് വേലായുധന്‍ (102) എന്നിവരാണ് മരിച്ചവര്‍. ഇതില്‍ ശ്രീദേവി അമ്മ ഞായറാഴ്ച പകലാണ് മരിച്ചത്.
സ്വാഭാവിക മരണമെന്ന നിലയില്‍ ഇവരുടെ മൃതദേഹം ഞായറാഴ്ച തന്നെ സംസ്‌കരിച്ചു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായിട്ടായിരുന്നു മറ്റു മൂന്നു പേരും മരിച്ചത്. ഇതും സ്വാഭാവിക മരണമെന്ന നിലയില്‍ ഇവരുടെ ബന്ധുക്കളെ അറിയിച്ച ശേഷം സംസ്‌കരിക്കുന്നതിനായി തവനൂരിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സില്‍ കയറ്റുന്നതിനിടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഇതോടെ സംഘടിതരായെത്തിയ നാട്ടുകാര്‍ വൃദ്ധമന്ദിരം സൂപ്രണ്ടിനോട് സംഭവം അന്വേഷിക്കുന്നതിനിടെ സൂപ്രണ്ട് മോശമായ രീതിയില്‍ പ്രതികരിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവിടെ മരണം സര്‍വസാധാരണമാണെന്നും ഇത് ചോദിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശമെന്നും സൂപ്രണ്ട് ചോദിച്ചതോടെ നാട്ടുകാര്‍ മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റുന്നത് തടഞ്ഞു. ഇതിനിടെ കൂട്ടമരണത്തിന് കാരണം അന്വേഷിക്കണമെന്നും മൃതദേഹങ്ങള്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് വൃദ്ധമന്ദിരത്തിന്റെ ഗേറ്റില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധ സമരം തുടങ്ങി.
തുടര്‍ന്ന് സ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്‌ഐ ചിറക്കല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. തിരൂര്‍ ആര്‍ഡിഒയും പൊന്നാനി തഹസില്‍ദാറും സ്ഥലത്തെത്തിയ ശേഷമാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്ന ഇന്‍ക്വസ്റ്റിനു ശേഷം ഉച്ചക്ക് 2 മണിയോടെയാണ് മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.

Next Story

RELATED STORIES

Share it