kozhikode local

തളീക്കരയിലെ കിണറുകളില്‍ മലിനജലം; ജനം ആശങ്കയില്‍

കുറ്റിയാടി: കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ മലിനജലം കലര്‍ന്ന് കിണറുകള്‍ ഉപയോഗശൂന്യമായി.  ഇതോടെ നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന ടൗണിലെ ലോഡ്ജുകള്‍ക്ക് സമീപമുള്ള വീടുകളിലെ കിണറുകളാണ് മിക്കവയും മലിനമായത്. കിണറുകളിലെ വെള്ളത്തിന് കറുപ്പ് നിറം രൂപപ്പെടുകയും രുചി വ്യത്യാസം അനുഭവപ്പെടുകയും ചെയ്തതോടുകൂടിയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
കിണറുകളിലെ ജലം ഉപയോഗ ശൂന്യമായതോടെ അങ്ങാടി പൊയില്‍ കുഞ്ഞമ്മത് കുട്ടി, മാരാം പുതിയ വീട്ടില്‍ സൗദ, ജമീല എന്നിവരുള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ താമസം മാറിയിരിക്കുകയാണ്. ഒരു മാസം മുമ്പ് മേഖലയിലെ വിവിധ ലോഡ്ജുകളിലെ താമസക്കാരായ 40 ലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പും പഞ്ചായത്തും മെഡിക്കല്‍ ക്യാംപുകള്‍ നടത്തുകയും രോഗബാധിതര്‍ക്ക് ചികില്‍സ നല്‍കിയും വരികയാണ്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ലോഡ്ജുകളും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഓരോ കെട്ടിടത്തിലും 500 മുതല്‍ 600 വരെ തൊഴിലാളികളാണ് തിങ്ങി പാര്‍ക്കുന്നത്. കക്കൂസ് ടാങ്കും കിണറും തമ്മില്‍ മൂന്ന് മീറ്ററില്‍ കുറഞ്ഞ അകലമേ യുള്ളുവെന്നും നാട്ടുകാര്‍ പറയുന്നു. ഓരോ ടാങ്കു നിറയും മുമ്പേ അതു വൃത്തിയാക്കാതെ തൊട്ടടുത്ത് മറ്റൊരു കക്കൂസ് നിര്‍മിക്കുന്ന പ്രവണതയാണ് കെട്ടിടയുടമകള്‍ തുടരുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഈ ടാങ്കുകളിലെ മലിനജലമാണ് സമീപത്തെ കിണറുകളിലേക്ക് ഉറവകളായി എത്തുന്നത്. കിണറുകള്‍ മലിനമായ തോടെ നാട്ടുകാര്‍ കെട്ടിട ഉടമകള്‍ക്ക് നേരെ തിരിഞ്ഞു. ഇ തോടെ മിക്ക ഉടമകളും സ്വന്തം ചെലവില്‍ വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
Next Story

RELATED STORIES

Share it