kannur local

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം

തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും ഇടപെടല്‍ കാരണം ആര്‍ക്കും പരിക്കില്ല. 80 രോഗികളും ജീവനക്കാരും കൂട്ടിരിപ്പുകാരുമടക്കം 200ലേറെ പേരെ പുലര്‍ച്ചെ തന്നെ രക്ഷപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ആശുപത്രി റിസപ്ഷനും പ്രധാന ഫാര്‍മസിയും പൂര്‍ണമായി കത്തിനശിച്ചു. ഒരു കോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആംബുലന്‍സുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഇന്നലെ പുലര്‍ച്ചെ 2.40 ഓടെയാണ് ഭീതിയിലാഴ്ത്തിയ തീപ്പിടിത്തമുണ്ടായത്. വാള്‍ഫാനില്‍ നിന്നുള്ള കാറ്റില്‍ അസാധാരണമായി ചൂട് അനുഭവപ്പെട്ടതോടെ ഫാര്‍മസി ജീവനക്കാരാണ് തീപ്പിടിത്തം അറിഞ്ഞത്. ഫാന്‍ ഉരുകി നിലംപതിച്ചപ്പോള്‍ തന്നെ ആശുപത്രി മുറികളില്‍ പുക മൂടിക്കഴിഞ്ഞിരുന്നു.ആറ് നിലകളിലായി പ്രവര്‍ത്തിക്കുന്ന ആശുപത്രി ഏറെനേരെ പുകയില്‍ മൂടിയ അവസ്ഥയിലായിരുന്നു.വിവിധ മുറികളിലും വാര്‍ഡുകളിലും കഴിയുന്ന രോഗികളും ജീവനക്കാരും ബഹളം വച്ചതോടെ പലരും രോഗികളെയും കൂട്ടി പുറത്തേക്കോടുകയായിരുന്നു. മുകള്‍ നിലയിലെ രോഗികള്‍ പുറത്തേക്കിറങ്ങാനാവാതെ ഏറെനേരം ബുദ്ധിമുട്ടി.വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നിശമന നിലയം സ്റ്റേഷന്‍ ഓഫിസര്‍ ടി വി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘം ഫാര്‍മസിയില്‍ നിന്നാണ് തീപടര്‍ന്നതെന്നു മനസ്സിലാക്കിയതോടെ അരമണിക്കൂറിനകം തന്നെ തീ നിയന്ത്രണ വിധേയമാക്കി. വൈദ്യുതിബന്ധം വിച്ഛേദിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തളിപ്പറമ്പ് ഫയര്‍ഫോഴ്‌സിലെ രണ്ട് യൂനിറ്റുകള്‍ക്ക് പുറമേ കണ്ണൂരില്‍ നിന്നും രണ്ട് യൂനിറ്റും സ്ഥലത്തെത്തിയിരുന്നു. എമര്‍ജന്‍സി ലാഡറിന്റെ സഹായത്തോടെയാണ് മൂന്ന് നിലകളിലായി കുടുങ്ങിയ രോഗികളെയും കൂട്ടിരിപ്പുകാരെയും രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് സംഭവസമയം തന്നെ പരിസരവാസികളും രോഗികളുടെ ബന്ധുക്കളുമെല്ലാം ആശുപത്രിയിലേക്ക് കുതിച്ചെത്തിയിരുന്നു. പുലര്‍ച്ചെയാണെങ്കിലും നിമിഷങ്ങള്‍ക്കകം ആശുപത്രി പരിസരം ജനനിബിഡമായി. സംഭവസമയം കിടത്തി ചികില്‍സയ്ക്കുള്ള 80 രോഗികളും രണ്ടുപേര്‍ ഐസിയുവിലും ഉണ്ടായിരുന്നു. ഇവരെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രി, ഗവ. താലൂക്ക് ആശൂപത്രി, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കു മാറ്റി. പുലര്‍ച്ചെ അഞ്ചരയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. ജെയിംസ് മാത്യു എംഎല്‍എ, ജില്ലാ കലക്്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം, തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍, സിഐ പി കെ സുധാകരന്‍, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദ്, സഹകരണ ആശുപത്രി പ്രസിഡന്റ് സി എം കൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ സ്ഥലത്തെത്തിയിരുന്നു.അതേസമയം, വൈകീട്ടോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആശുപത്രി പ്രവര്‍ത്തനം സാധാരണ നിലയിലാക്കി. ഒപി പ്രവര്‍ത്തനം ആരംഭിക്കുകയും അഡ്മിഷന്‍ തുടങ്ങുകയും ചെയ്തു. മറ്റു ആശുപത്രികളിലേക്ക് മാറ്റിയ രോഗികളെല്ലാം തിരിച്ചുവരികയും അഡ്മിറ്റാവുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it