തളിപ്പറമ്പിലെ പെണ്‍കെണി കേസ്: യുവതി അറസ്റ്റില്‍

തളിപ്പറമ്പ്: കിടപ്പറരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിങിലൂടെ പണംതട്ടിയ പെണ്‍കെണി കേസിലെ പ്രധാന പ്രതിയായ യുവതി അറസ്റ്റില്‍. കാസര്‍കോട് ചൂരി കാളിയങ്ങാട് കുഡ്‌ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ എം ഹഷിദ എന്ന സമീറ (32)യെയാണ് കാസര്‍കോട്ടെ ഫഌറ്റില്‍ നിന്നു തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. കേസില്‍ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്കിടെ പോലിസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ നിരവധിപേരെ പെണ്‍കെണിയില്‍ കുരുക്കി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണു കേസ്. വ്യാപാരികളും ഉന്നതരും ഉള്‍പ്പെടെയുള്ളവരെ പെണ്‍കെണിയില്‍ കുടുക്കാന്‍ കൂട്ടുനിന്നതിനാണ് ഹഷിദയെ അറസ്റ്റ് ചെയ്തത്. ബിഎംഎസ് നേതാവായ യുവാവിനെ വിവാഹം ചെയ്ത് അയാള്‍ക്കൊപ്പം ഫഌറ്റില്‍ കഴിയുന്നതിനിടെയാണ് ഹഷിദയെ പിടികൂടിയത്.
കേസില്‍ തളിപ്പറമ്പ് ചുഴലിയിലെ കെ പി ഇര്‍ഷാദ് (20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ് (22), ചൊറുക്കള വെള്ളാരംപാറയിലെ ടി മുസ്തഫ (65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ് (21) എന്നിവരെയാണ് ഇക്കഴിഞ്ഞ ആഗസ്ത് 24നു തളിപ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ റുബൈസാണ് ആശുപത്രിയില്‍ നിന്നു പോലിസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, സീനിയര്‍ സിപിഒ അബ്ദുര്‍റഊഫ് എന്നിവരാണ് കേസന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it