kannur local

തലശ്ശേരിയില്‍ രാത്രി ഓട്ടോറിക്ഷകള്‍ക്ക് ക്ഷാമം

തലശ്ശേരി: നഗരത്തിലെ പ്രധാന ഓട്ടോ പാര്‍ക്കിങ് കേന്ദ്രങ്ങളായ പഴയ ബസ്സ്റ്റാന്റ്, പുതിയ ബസ്സ്റ്റാന്റ്, ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ വൈകീട്ട്് ഏഴിനു ശേഷം ഓട്ടോറിക്ഷകളുടെ സേവനം ലഭിക്കുന്നില്ല. ഇതുസംബന്ധിച്ച നിരവധി പരാതികള്‍ പോലിസിന് ലഭിക്കാറുണ്ടെങ്കിലും നടപടികളില്ല. ട്രാഫിക് പോലിസ് ഇക്കാര്യത്തില്‍ കൃത്യമായി ഇടപെടാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ദൂരസ്ഥലങ്ങളില്‍നിന്ന് വൈകീട്ട് നഗരത്തിലെത്തുന്നവര്‍ ലക്ഷ്യസ്ഥാനത്തേക്ക് പോവാന്‍ ഓട്ടോറിക്ഷകള്‍ തേടി അലയുകയാണ്. യാത്രക്കാര്‍ക്ക് പരാതിപ്പെടാന്‍ പരിസരത്തൊന്നും പോലിസ് സാന്നിധ്യം ഉണ്ടാവാറില്ല. രാവിലെ മുതല്‍ വൈകുന്നേരം 8.30 വരെയാണ് നഗരത്തില്‍ പോലിസുകാരുടെ ഡ്യൂട്ടി സമയം. എന്നാല്‍ 6 മണി കഴിയുമ്പോഴേക്കും പലരും സ്ഥലംവിട്ടിട്ടുണ്ടാവും. നഗരത്തില്‍ അയ്യായിരത്തോളം ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോ ജീവനക്കാര്‍ വിവിധ യൂനിയനുകളില്‍ പെട്ടവരാണെങ്കിലും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന പ്രവൃത്തികള്‍ ഉണ്ടാവരുതെന്ന് മിക്ക യൂനിയന്‍ നേതാക്കളും നിര്‍ദേശം നല്‍കാറുണ്ട്. എന്നാല്‍ പലരും ഇതു പാലിക്കാറില്ല.
Next Story

RELATED STORIES

Share it