kannur local

തലശ്ശേരിയില്‍ കടലേറ്റം രൂക്ഷം; മീന്‍ മാര്‍ക്കറ്റ് ഭിത്തി തകര്‍ന്നു

തലശ്ശേരി: തകര്‍ന്നു വീഴാറായ തലശ്ശേരി കടല്‍പ്പാലം മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള കടലോരത്ത് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരംഭിച്ച കടലേറ്റം പ്രദേശവാസികളില്‍ ഭീതിവിതയ്ക്കുന്നു. രൂക്ഷമായ കടലേറ്റത്തില്‍ തലശ്ശേരി മൊത്ത മല്‍സ്യവ്യാപാര മാര്‍ക്കറ്റിന്റെ ഭിത്തി പൂര്‍ണമായി തകര്‍ന്നു. ഇന്നലെ വൈകീട്ടും നിലക്കാതെ തുടരുന്ന കടലേറ്റം ജനറല്‍ ആശുപത്രി ഭിത്തിയെയും ചില്ലറ മല്‍സ്യ മാര്‍ക്കറ്റിലേക്കും കടന്ന് കയറിയേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
രൂക്ഷമായ കടലേറ്റത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല്‍ തീരത്ത് പണിതിരുന്ന കരിങ്കല്‍ പതാറുകള്‍ പലയിടങ്ങളിലും നേരത്തേ തന്നെ ഇടിഞ്ഞിരുന്നു. ഇതില്‍ രൂപംകൊണ്ട വലിയ ദ്വാരങ്ങള്‍ക്കകത്ത് കടലേറ്റത്തെ തുടര്‍ന്ന് വെള്ളം കെട്ടിക്കിടക്കുകയാണ്.
പതാറുകള്‍ക്ക് സമീപത്തെ പുഴിയും മണ്ണും കല്ലുകളും ഏതാണ്ട് പൂര്‍ണമായും ഇളകി കടലിലേക്ക് ഒലിച്ചുപോവുകയാണ്. കടല്‍ പാലത്തിന് സമീപം മുതല്‍ ജനറല്‍ ആശുപത്രി വരെ ഒരു കിലോമീറ്ററോളം വരുന്ന കടലോരത്ത് കടല്‍ഭിത്തി പണിയണമെന്ന പ്രദേശവാസികളുടെയും മല്‍സ്യബന്ധന വിതരണ തൊഴിലാളികളുടെയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എന്നാല്‍ മാറിമാറി വന്ന സ ര്‍ക്കാറുകളോ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോ കാര്യമായ ഇടപെടലുകള്‍ നടത്തിയിരുന്നില്ല. വര്‍ഷാവര്‍ഷങ്ങളില്‍ ഈ ഭാഗത്ത് കടലേറ്റവും തിരയിളക്കയും പതിവാണ്. ഇതുവഴി തീരദേശത്തെ മരങ്ങളും മല്‍സ്യബന്ധന തൊഴിലാളികളുടെ വിശ്രമകേന്ദ്രങ്ങളും തകരുന്നതും പതിവാണ്.
കടലേറ്റം ശക്തമായതിനാല്‍ പ്രതിരോധത്തിനുള്ള ശാസ്ത്രീയ മാര്‍ഗം കണ്ടെത്താന്‍ മുബൈ കേന്ദ്രമായ ഗവേഷണ കേന്ദ്രം പ്രതിനിധികള്‍ കടല്‍പാല പ്രദേശം സന്ദര്‍ശിക്കുകയും തുടര്‍ന്ന് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ കടലാസില്‍ ഒതുങ്ങുകയല്ലൊതെ തീരത്ത് യാതൊരു പദ്ധതിയും നടപ്പായില്ല. തലായിയില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ആധുനിക ഹാര്‍ബറിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ പുലിമുട്ടുകള്‍ കടല്‍തിരയുടെ സ്വാഭാവിക ദിശ മാറ്റാന്‍ വഴിയൊരുക്കിയെന്നാണ് മല്‍സ്യബന്ധന തൊഴിലാളികളുടെ അഭിപ്രായം.
മീന്‍ വില്‍പ്പന മാര്‍ക്കറ്റ്, ജനറല്‍ ആശുപത്രി, മൊത്ത വിതരണ മീന്‍ മാര്‍ക്കറ്റ് എന്നിവയുടെ സുരക്ഷയ്ക്കായി യുദ്ധകാലാടിസ്ഥാനത്തില്‍ പതാര്‍ കെട്ടണമെന്നാണ് പഴയകാല മല്‍സ്യബന്ധന തൊഴിലാളികളുടെ ആവശ്യം. അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിന്റെ നിലനില്‍പും അപകടത്തിലാവും.
Next Story

RELATED STORIES

Share it