kannur local

തലശ്ശേരിയിലെ ഖരമാലിന്യ പ്ലാന്റ് പൊളിച്ചുനീക്കാന്‍ ശ്രമം

തലശ്ശേരി: പുതിയ ബസ് സ്റ്റാന്റിലെ പഴംപച്ചക്കറി മാര്‍ക്കറ്റിനു സമീപം നഗരസഭ സ്ഥാപിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് പൊളിച്ചുനീക്കാന്‍ നീക്കം. നഗരസഭ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ആരംഭിക്കുന്ന ആദ്യഘട്ടത്തിലാണ് പുതിയ ബസ് സ്റ്റാന്റില്‍ സംസ്‌കരണ യൂനിറ്റ് ആരംഭിച്ചത്. വലിയ പ്രധാന്യത്തോടെയും ഏറെ കെട്ടിഘോഷിച്ചും ഉദ്ഘാടനം ചെയ്യപ്പെട്ട പ്ലാന്റ് ഒരു മാസത്തിനകം തന്നെ പ്രവര്‍ത്തനക്ഷമമല്ലാതായി. പിന്നീട് പൂര്‍ണമായും നിലയ്ക്കുകയായിരുന്നു.
നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിപാദങ്ങള്‍ക്ക് ഇത് വഴിവച്ചിരുന്നു. പ്ലാന്റ് ബോധപൂര്‍വം നിര്‍ജീവമാക്കിയതാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് പ്ലാന്റ് സ്ഥാപിച്ച സ്ഥലത്ത് 10 മീറ്റര്‍ അകലത്തില്‍ സ്വകാര്യ ബഹുനില ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള അനുമതി നഗരസഭ നല്‍കിയത്. പ്ലാന്റില്‍നിന്നു ഈ ഘട്ടങ്ങളില്‍ നേരിയ തോതില്‍ വെളിച്ചം ലഭിക്കാനുള്ള ബയോഗ്യാസ് ഉല്‍പാദിപ്പിച്ചിരുന്നു. പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണെങ്കില്‍ കെട്ടിട്ട നിര്‍മാണാനുമതി കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനാലാണ് പ്ലാന്റ് പൂര്‍ണമായും നിര്‍ജീവാവസ്ഥയില്‍ ആക്കിയതെന്നാണ് ആരോപണം. മൂന്നു നിലകളില്‍ പണിത സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് നഗരസഭ ലൈസന്‍സും കെട്ടിടമുറികള്‍ക്ക് നമ്പറും പതിച്ചുനല്‍കുന്നത് സാങ്കേതിക പ്രശ്‌നം ഉണ്ടാക്കുമെന്നതിനാലാണ്പ്ലാന്റ് പൊളിച്ചുനീക്കുന്നതെന്നാണ് ആക്ഷേപം. രണ്ടു സെന്റോളം ഭൂമിയില്‍ പണിത പ്ലാന്റ് പൊളിച്ചുനീക്കിയാല്‍ കെട്ടിടത്തിലേക്കെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യം ലഭിക്കും.
കെട്ടിടം നല്ലനിലയില്‍ ദൂരെനിന്നു പോലും കാണാനുമാവും. കെട്ടിടത്തിന്റെ പ്രധാന കവാടത്തിനു മുന്നില്‍ ഇനിയും പൊളിച്ചുനീക്കാത്ത ഒറ്റമുറി കെട്ടിടം സൃഷ്ടിക്കുന്ന പ്രതിസന്ധി ഭാഗികമായി മറികടക്കാര്‍ മാലിന്യ പ്ലാന്റ് പൊളിച്ചുനീക്കുന്നതോടെ കഴിയും. പുതിയ ബസ് സ്റ്റാന്റിലെ പഴം-പച്ചക്കറി മാര്‍ക്കറ്റിന്‍ നിന്നു പ്രതിദിനം ഉണ്ടാവുന്ന മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റില്‍ സംസ്‌കരിച്ച് ഗ്യാസ് ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച പ്ലാന്റിനാണ് മരണമണി മുഴങ്ങുന്നത്.
Next Story

RELATED STORIES

Share it