തരിശുനില നെല്‍കൃഷി കൂടുതല്‍ മേഖലകളിലേക്ക്

എച്ച്   സുധീര്‍
പത്തനംതിട്ട: നെല്ലുല്‍പാദനത്തില്‍ വലിയ വര്‍ധന പ്രകടമായതോടെ തരിശുനില നെല്‍കൃഷി സര്‍ക്കാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. നെല്‍കൃഷിയില്‍ കാലങ്ങളായി സംസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ തരിശുനില കൃഷിയിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയുന്നത് ഏറെ ഗുണകരമാവുകയാണ്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മാത്രം സംസ്ഥാനത്ത് 747 പാടശേഖരങ്ങളിലാണ് തരിശുകൃഷി നടപ്പാക്കിയത്. തിരുവനന്തപുരം-5, കൊല്ലം- 5, പത്തനംതിട്ട-5, ഇടുക്കി- 27, കോട്ടയം-32, ആലപ്പുഴ-88, എറണാകുളം-62, തൃശൂര്‍-170, പാലക്കാട്-10, മലപ്പുറം-95, കോഴിക്കോട്-11, വയനാട്-3, കണ്ണൂര്‍-219, കാസര്‍കോഡ്-15 എന്നിങ്ങനെയാണ് തരിശുകൃഷി നടപ്പാക്കിയത്. 24915.37 ടണ്‍ നെല്ലാണ് ഈ പാടശേഖരങ്ങളില്‍ നിന്നു മാത്രമായി സംഭരിച്ചിട്ടുള്ളത്.
ഇതിനായി ചെലവായ തുക സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചിട്ടില്ലെങ്കിലും ഈ പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ മാത്രം സബ്‌സിഡി ഇനത്തില്‍ 24.80 കോടിയാണ് കൃഷിവകുപ്പ് ചെലവഴിച്ചത്.
2015-16 സാമ്പത്തികവര്‍ഷം 1292.01 ഹെക്ടര്‍ സ്ഥലത്താണ് കൃഷിവകുപ്പ് തരിശുനില കൃഷി നടപ്പാക്കിയത്. 3604.68 ടണ്‍ അരിയാണ് ആ വര്‍ഷം ലഭിച്ചത്. 2016-17ല്‍ 2782.3857 ഹെക്ടര്‍ തരിശുനിലത്തില്‍ നിന്നായി കൃഷിയിലൂടെ 7086.736 ടണ്‍ അരിയാണ് സംഭരിച്ചത്. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം പുതുതായി കൃഷിയാരംഭിച്ച 5485.686 ഹെക്ടറില്‍ നിന്നും 15359.92 ടണ്‍ അരിയാണ് ലഭിച്ചത്. ഇതിനുപിന്നാലെ രണ്ടാംവര്‍ഷ തരിശുകൃഷി ചെയ്ത 1288.69 ഹെക്ടര്‍ സ്ഥലത്ത് നിന്നും 3608.332 ടണ്‍ അരിയും അധികമായി ലഭിച്ചു. ആകെ 18968.252 ടണ്‍ അരിയാണ് 2017-18 വര്‍ഷത്തില്‍ ലഭിച്ചത്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ നെല്‍വയല്‍ പരിവര്‍ത്തനം നടത്തുന്നത് ജാമ്യമില്ലാ കുറ്റമാണ്. മാത്രമല്ല, തരിശിടുന്ന നെല്‍വയലുകള്‍ കൃഷി ചെയ്യുന്നതിനോ, കൃഷി ചെയ്യാന്‍ അനുവദിക്കുന്നതിനോ ഉടമസ്ഥര്‍ തയ്യാറാവണമെന്നും നിര്‍ദേശമുണ്ട്. ഉടമസ്ഥര്‍ ഇതിനു തയ്യാറായില്ലെങ്കില്‍ കൃഷിചെയ്യാനുള്ള അവകാശം നല്‍കാന്‍ റവന്യൂ അധികാരികളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ഈ നീക്കത്തിലൂടെ കൂടുതല്‍ മേഖലയിലേക്ക് തരിശുനില കൃഷി വ്യാപിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കൃഷിവകുപ്പ്.
അതേസമയം, സംസ്ഥാനത്തെ ആകെയുള്ള നെല്‍കൃഷിയുടെ വിസ്തീര്‍ണത്തിലും വര്‍ധനവ് പ്രകടമായിട്ടുണ്ട്. 2015-16 സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് 196870 ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ഉണ്ടായിരുന്നത്.
എന്നാല്‍, 2017-18 വര്‍ഷം അവസാനിച്ചപ്പോള്‍ നെല്‍കൃഷി 220449 ഹെക്ടറായി വര്‍ധിച്ചു. 2015-16ല്‍ സംസ്ഥാനത്തെ ആഭ്യന്തര അരി ഉല്‍പാദനം 549275 ടണ്‍ ആയിരുന്നെങ്കില്‍ 2017-18ഓടെ ഉല്‍പാദനം 617260 ടണ്ണിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it