തരാതരം സന്ധി ചെയ്ത് സിപിഎം

രാഷ്ട്രീയ കേരളം - എച്ച് സുധീര്‍

സമൂഹത്തിനു സ്ത്രീകളോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടാവേണ്ടതുണ്ട്. സുരക്ഷിതവും സമാധാനപരവുമായ ജീവിതം സ്ത്രീയുടെ അവകാശമാണെന്ന ബോധം സമൂഹത്തിന് ഉണ്ടാവണം. സ്ത്രീത്വത്തിനു നേരെ ഉയരുന്ന കരങ്ങള്‍ ഏതു പ്രബലന്റേതായാലും പിടിച്ചുകെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടും. തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ തുണയുണ്ടെന്ന ബോധം സ്ത്രീകളില്‍ വളരുന്നത് ശുഭോദര്‍ക്കമാണ്. അത്തരം സുരക്ഷാബോധമാണ് പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിനു മുന്നിലെത്തിക്കാന്‍ അവരെ കൂടുതല്‍ പ്രാപ്തരാക്കുന്നത്. ഇത്തരം പരാതികള്‍ ഉയര്‍ന്നാല്‍ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരും... പലപ്പോഴായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദികളില്‍ പറഞ്ഞ വാക്കുകളാണിത്.
പരാതി നല്‍കാനെത്തിയ വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പിണറായി ഇത്തരമൊരു വിശദീകരണം നല്‍കിയത്. എന്നാല്‍, തറവാട്ടിലെത്തിയാല്‍ സമാന വിഷയത്തില്‍ എല്ലാ സ്ഥാപിതതാല്‍പര്യക്കാരുമായും തരാതരം സന്ധി ചെയ്തു മുന്നോട്ടുപോവുകയെന്നതാണ് സിപിഎം പോളിസി എന്നു തിരുത്തേണ്ടിവരും. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്‍മാരാണെന്ന കാഴ്ചപ്പാടിനെ ചവിട്ടിമെതിച്ചാണ് ആഭ്യന്തരവും ചുമലിലേറ്റി മുഖ്യമന്ത്രിയും ഭരണപക്ഷവും മുന്നോട്ടുപോവുന്നതെന്നാണ് ആനുകാലിക സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.
പാര്‍ട്ടിയിലെ എംഎല്‍എ കൂടിയായ പി കെ ശശിക്കെതിരേ ഗുരുതരമായ ആരോപണവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തക മുന്നോട്ടുവന്നിട്ടും ഇനിയും നടപടി ഉണ്ടാവാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. സിപിഎമ്മിലെ തലമുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ പോലും ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുവെന്നത് പലരുടെയും പ്രസ്താവനകളിലൂടെ ബോധ്യപ്പെട്ടതുമാണ്. ലൈംഗിക അതിക്രമം നേരിട്ട സ്ത്രീ പാര്‍ട്ടിക്ക് അകത്തായാലും പുറത്തായാലും അവര്‍ക്കു വേണ്ട നിയമ പരിരക്ഷ നല്‍കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന അടിസ്ഥാന തിരിച്ചറിവു പോലും സിപിഎമ്മിനില്ലേ? അഥവാ ഇനി പാര്‍ട്ടി പ്രവര്‍ത്തകയാണെങ്കില്‍ പോലും അവര്‍ ലൈംഗിക അതിക്രമം നേരിട്ടാല്‍ അതെങ്ങനെ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാവും?
ഏറ്റവുമധികം സ്ത്രീകള്‍ സജീവമായി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നതും നിലകൊള്ളുന്നതും സിപിഎമ്മിലും അവരുടെ പോഷക സംഘടനകളിലുമാണ്. ഈയൊരു കാരണത്താലെങ്കിലും സ്ത്രീകളുടെ പരാതികള്‍ക്ക് വിലകല്‍പിക്കുന്നതിനൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമല്ലെന്ന അടിസ്ഥാന തിരിച്ചറിവ് സിപിഎം അണികള്‍ക്കും നേതാക്കള്‍ക്കും ഒരുപോലെ ഉണ്ടാവേണ്ടതുണ്ട്. സ്വയം തിരുത്തലുകള്‍ വരുത്തിയാല്‍ മാത്രമേ ഏതൊരു പ്രസ്ഥാനത്തിനും മുന്നോട്ടുള്ള യാത്ര സുഗമമാക്കാന്‍ കഴിയൂ. ഈ ഘട്ടത്തില്‍ ആരോപണവിധേയനായ പി കെ ശശി എംഎല്‍എക്കെതിരേ നിയമപരമായി നീങ്ങാന്‍ പരാതിക്കാരിക്കൊപ്പം നിന്നു സഹായം നല്‍കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ട്. അത്തരമൊരു അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെന്നു മാത്രമല്ല, ജില്ലാ കമ്മിറ്റിക്കും തുടര്‍ന്ന് സംസ്ഥാന-ദേശീയ നേതൃത്വത്തിനും ജനറല്‍ സെക്രട്ടറിക്കും പരാതി നല്‍കി പ്രതികരണത്തിനായി പരാതിക്കാരിക്ക് മൂന്നാഴ്ച കാത്തിരിക്കേണ്ടിയും വന്നു. ഒടുവില്‍ ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് വിഷയം പാര്‍ട്ടിയുടെ പരിഗണനയിലാണെന്ന് മറുപടി ലഭിക്കുന്നത്. പരാതി കിട്ടിയപ്പോള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് പ്രതികരണം ഉണ്ടായിരുന്നെങ്കില്‍ വിഷയം ഒന്നര മാസം നീളുമായിരുന്നില്ല. ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക് പരാതി നല്‍കേണ്ട ഗതികേട് വനിതാ നേതാവിന് ഉണ്ടാവുമായിരുന്നുമില്ല.
സീതാറാം യെച്ചൂരിയുടെ സ്ഥിരീകരണം വരുംവരെ കീഴ്ഘടകങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നത് എന്താണെന്നും നടപടി ഉണ്ടാവുമെന്ന മറുപടി പരാതിക്കാരിക്ക് നല്‍കാതിരുന്നത് എന്താണെന്നും നേതൃത്വം വിശദീകരിക്കേണ്ടതാണ്. പ്രവര്‍ത്തകരില്‍ നിന്നുണ്ടാവുന്ന പരാതികളില്‍ ബന്ധപ്പെട്ട പാര്‍ട്ടി ഘടകം ഏറ്റവും സാധ്യമായ വേഗത്തില്‍ മറുപടി നല്‍കണമെന്നത് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തന്നെ വ്യവസ്ഥകളിലൊന്നാണ്. എന്നാല്‍, ഈ വ്യവസ്ഥയെ സൗകര്യപൂര്‍വം വിസ്മരിച്ച് തങ്ങള്‍ക്കു തോന്നുമ്പോള്‍ പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ കൈകാര്യം ചെയ്യുമെന്ന ധാര്‍ഷ്ട്യമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈക്കൊണ്ടത്.
പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരായ കേസുകളിലും മറ്റു സ്ത്രീപീഡന കേസുകളിലും പരാതി ഉയര്‍ന്നപ്പോള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയവരും പരാതിക്കാര്‍ക്ക് തണലായവരുമാണ് സിപിഎം നേതാക്കള്‍. എന്നാല്‍, ഇത്രയൊക്കെ കോലാഹലമുണ്ടായിട്ടും പി കെ ശശിയെ കൈവിടാതെ സിപിഎം നേതൃത്വം ഒളിച്ചുകളിക്കുന്നതിനു പിന്നിലെ കാരണങ്ങളും കാണാതിരുന്നുകൂടാ. ഒരുകാലത്ത് കുലംകുത്തികളെന്നു പറഞ്ഞ് എഴുതിത്തള്ളിയവരുടെ പിടിയില്‍ നിന്നു ഷൊര്‍ണൂരിലെ പാര്‍ട്ടിയെ കരയ്ക്കടുപ്പിച്ചതില്‍ പി കെ ശശിക്കു വലിയ പങ്കുണ്ട്.
ടിപി വധത്തിനു ശേഷം വിഎസിനൊപ്പം ചേര്‍ന്നുനിന്നവരെ വെട്ടിനിരത്തി പിണറായിയുടെ അംഗബലം വര്‍ധിപ്പിച്ചതിനു പിന്നിലും ശശിയുടെ ചാണക്യതന്ത്രങ്ങളാണ്. പോലിസുകാരോട് തട്ടിക്കയറിയും നിലവിളക്ക് തര്‍ക്കത്തിലേര്‍പ്പെട്ടും ഉദ്യോഗസ്ഥരെ വിരട്ടിയുമെല്ലാം ശശി തന്റെ മിടുക്ക് തെളിയിച്ചിട്ടുണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി നിലകൊള്ളുന്നതിനൊപ്പം വിവാദങ്ങളെ തോളിലേറ്റാനും മടികാണിക്കാത്ത ശശിയെ എല്ലാ വിധത്തിലും പ്രോല്‍സാഹിപ്പിച്ചതും ഇതേ നേതാക്കളാണ്.
പി കെ ശശിക്കെതിരായ പീഡനപരാതി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപോര്‍ട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചില്ല. ശശിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുള്ളതായി പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. മന്ത്രി എ കെ ബാലനും പി കെ ശ്രീമതിയുമാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. കമ്മീഷന്റെ റിപോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുമെന്നായിരുന്നു സൂചന. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സമിതി ശശിക്കെതിരേ അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും കരുതിയിരുന്നു. എന്നാല്‍, സെക്രട്ടേറിയറ്റ് റിപോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുക്കാത്തതിനാല്‍ ശശിക്കെതിരായ നടപടി വൈകുമെന്ന് ഉറപ്പായിട്ടുണ്ട്.
കൈയൂക്കുള്ളവന്‍ കാര്യക്കാരനെന്ന പൊതുതത്ത്വം സിപിഎമ്മിലും പിടിമുറുക്കിയെന്നത് മന്ത്രിമാരുടെ കാര്യത്തില്‍ നേരത്തെത്തന്നെ തെളിയിക്കപ്പെട്ടതാണ്. ബന്ധുനിയമന കേസില്‍ പുറത്തുപോയ മന്ത്രിസഭയിലെ രണ്ടാമന്‍ ഇ പി ജയരാജനെ ആരുമറിയാതെ തിരികെയെത്തിച്ചു. ഹണിട്രാപ്പ് കേസില്‍ ധാര്‍മികതയുടെ പേരില്‍ രായ്ക്കുരാമാനം മന്ത്രി ശശീന്ദ്രനെ രാജിവെപ്പിച്ചപ്പോള്‍ കായല്‍ കൈയേറ്റത്തില്‍ കോടതിവിധി എത്തുംവരെ തോമസ് ചാണ്ടിയെ തുടരാന്‍ അനുവദിക്കുകയാണ് സിപിഎം ചെയ്തത്.
സ്ത്രീയുടെ പരാതിയില്‍ വിന്‍സെന്റ് എംഎല്‍എക്കെതിരേ അറസ്റ്റും തടവറയുമൊക്കെയായി കടുത്ത നടപടികള്‍ വന്നെങ്കില്‍, അതേ എംഎല്‍എ പട്ടമണിഞ്ഞ പി കെ ശശി ഇപ്പോഴും ഒരു നടപടിയും നേരിടാതെ പാര്‍ട്ടി വേദികളും പൊതുരംഗത്തും ഏറക്കുറേ സജീവമായി തുടരുന്നത് പിണറായിയുടെ സ്വാധീനമാണ്. ഇനി പാര്‍ട്ടി നടപടി നേരിട്ടാല്‍ തന്നെ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയെ ഇരുചെവിയറിയാതെ തിരിച്ചെടുത്തതുപോലെയാവും പി കെ ശശിയുടെ കാര്യത്തിലും സംഭവിക്കുക. ശശിയെക്കൂടാതെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച രണ്ട് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കുമെതിരേയും നടപടിക്ക് റിപോര്‍ട്ടില്‍ ശുപാര്‍ശയുണ്ടെന്നാണ് സൂചന. ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന വികാരവും പാര്‍ട്ടിയിലുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാവും നിര്‍ണായകമാവുക. ി

Next Story

RELATED STORIES

Share it