തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരേ സിബിഐ അന്വേഷണത്തിന്

ഹൈക്കോടതി ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്കെതിരേ ഉയര്‍ന്ന അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ദേശീയപാതയ്ക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് മുഖ്യമന്ത്രിക്കെതിരായുയര്‍ന്ന ആരോപണം. ഡിഎംകെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
അന്വേഷണം നടത്തി മൂന്ന് മാസത്തിനകം പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നുംകോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന വിജിലന്‍സ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. നേരത്തേ വിജിലന്‍സ് കേസില്‍ പ്രാഥമികാന്വേഷണം നടത്തി ഒക്ടോബര്‍ ഒമ്പതിന് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരേ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിജിലന്‍സ് റിപോര്‍ട്ടിലുണ്ടായിരുന്നത്.
പരാതിയുമായി വിജിലന്‍സിനെ സമീപിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്നാണ് ഡിഎംകെ സമര്‍പ്പിച്ച ഹരജിയിലെ പ്രധാന ആരോപണം. കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ പല കരാറുകാരുടെയും ഓഫിസുകളിലും ആദായനികുതി വകുപ്പ് തിരച്ചില്‍ നടത്തിയ കാര്യവും ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it